ഹൃദയതാള
ഹൃദയതാള
മൂകമെൻ മനസ്സിൽ- പ്രണയത്തിന്റെ
സംഗീതം പൊഴിച്ചു നീ....
രാവിന്റെ ഏതോയാമത്തിനൊടുവിലെ
ശാന്ത തീരത്ത് നിന്റെ കളിവഞ്ചി കെട്ടിയിട്ടു...
ഹൃദയതാളത്തിനൊത്ത് പൊഴിക്കുന്ന
നിന്റെ പാദ ചലനങ്ങളുടെ വേഗം
എന്റെ നാഡികൾക്കാശ്വാസവും
ആവേശമായി തുടിച്ചു നിൽപ്പൂ...
ചാരമായ്ക്കിടന്നൊരെൻ ചിന്തകൾക്കിന്നു
ചൂടേകാൻ നിന്റെ സാമീപ്യം തന്നെയുത്തമം.
പുതുരാഗങ്ങളിൽ കിളികൾ
മധുരമായ് കുറുകുകയായ്വീണ്ടും.
പാതി ചാരിയ വാതിലിൻ പിറകിൽ
പറയാതെ നീ വന്നെത്തുന്നതും കാത്ത്
നിൻ കാലൊച്ച കേൾക്കുവാൻ
ഒരു ചെവി ഉമ്മറപ്പടിയോളം നീട്ടിയും..
കൺവെട്ടമെത്തുന്ന ദൂരങ്ങളിൽ നിന്റെ
രൂപങ്ങളെ തേടി വലഞ്ഞിരുന്നതും :...
വരിലെന്നറിഞ്ഞും വെറുതെ മോഹിച്ച
സുന്ദര സ്വപ്നവും...
വഴിയിൽ എന്തോ മറന്നെന്ന ഭാവേന
വെറുതെ തിരിഞ്ഞൊന്നു നോക്കി നടന്നതും..
കാണുമ്പോൾ ചൊല്ലാൻ കഥകൾ മെനഞ്ഞതും..
മറുവാക്കു ചൊല്ലാൻ കഴിയാതെ
വിളറി വെളുത്തതും..
ഓർത്തോർത്ത് വീണ്ടും ദു:ഖിച്ചിരുന്നതും...
അറിയാതെ തികട്ടുന്നതെന്നിൽ...
ആരോ ചിരിക്കുന്നു പിന്നെയും പിന്നെയും..
അറിയാതെ വീണ്ടും തിരിഞ്ഞൊന്നു നോക്കാൻ
കൊതിക്കുന്നു...വീണ്ടും
സ്വച്ഛമാം നിന്നുടെ കാലൊച്ച കേൾക്കുവാൻ...
ദാസ് മാഹി...
Not connected : |