ഋതുതേജസ്സ്  - പ്രണയകവിതകള്‍

ഋതുതേജസ്സ്  

പുനര്‍ജനികളെക്കുറിച്ച്
സംസാരിക്കുന്ന മൗനമുണ്ട്
ഹൃദയത്തിന്‍റെ ആഴങ്ങളില്‍നിന്നും
മനസ്സിന്‍റെ ഋതുഗന്ധങ്ങളില്‍ നിന്നും
ഇഴപിരിയുന്ന ആത്മബന്ധങ്ങളില്‍നിന്നും
വീര്‍പ്പുമുട്ടിക്കുന്ന മൗനം
സാഗരങ്ങളുടെ അനന്തതയില്‍ നിന്നും
ഉദയാസ്തമയങ്ങളുടെ
പ്രഭാപൂരങ്ങളില്‍ നിന്നും
കാലം വിടവാങ്ങുമ്പോള്‍
ഘനീഭൂതമാകുന്ന മൗനം
പുനര്‍ജനികളെക്കുറിച്ച്
സംസാരിക്കുന്ന പ്രണയമുണ്ട്
മൗനവും മധുരവും ഒത്തു ചേര്‍ന്ന പ്രണയം
നെഞ്ചില്‍ തുടിതാളമാകുന്ന ആത്മ പ്രണയം
നിന്നെക്കുറിച്ചോര്‍ക്കാത്ത പ്രഭാതങ്ങളില്ലാത്ത
കാലത്തിന്‍റെ സ്നാനഘട്ടം
ഞാനും നീയും കാണാത്ത ആത്മാക്കളായി
പരസ്പരം പുണര്‍ന്ന നിമിഷം
പുനര്‍ജനികളികളില്‍
നീയെനിക്കും ഞാന്‍ നിനക്കുമായി
വീതം വച്ച മനസ്സുകള്‍
നിലാവിന്‍റെ പൂര്‍ണ്ണ ഛന്ദസ്സ്
വയ്യ ഇനി കാത്തിരിക്കുവാന്‍
പുനര്‍ജനികള്‍ വരെ
കാത്തിരിക്കുവാന്‍ ദൂരമില്ല
സ്നാനഘട്ടങ്ങളുടെ ഋതുതേജസ്സ്
ഗ്രീഷ്മാതപങ്ങളുടെ ജ്വാലയിലും‍‍
ഹൃദയപയസ്വിനിയാകുന്നു
ശാന്തവേഗങ്ങളെക്കുറിച്ച്
മാരുതന്‍റെ മൂലമന്ത്രം
കാറ്റുലഞ്ഞുലഞ്ഞ് തീപടരും പോലെ
നിന്നില്‍ നിന്ന് എന്നിലേക്ക് പടരുന്ന ചൂടുണ്ട്
അതെ മധുരമോഹങ്ങളെക്കുറിച്ച്
സംസാരിക്കുന്ന മൗനമുണ്ട്
ഇടവേളകള്‍ക്ക് വസന്തത്തിന്‍റെ
സൗന്ദര്യം പകര്‍ന്ന മൗനം


up
0
dowm

രചിച്ചത്:
തീയതി:22-11-2018 08:37:37 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :