ജ്വലിക്കുന്ന മൗനം
തൊട്ടുനോക്കൂ ആത്മാവിനെ
പച്ചയായ് ജ്വലിക്കുന്ന ഹൃദയത്തിന്നഗ്നിയെ
ഉപ്പില്ലാത്ത കാല്‍ക്കീഴിലെ സ്വന്തം മണ്ണിനെ
അമരത്വത്തിന്‍റെ ആത്മാവിലേക്ക്
ചെരുപ്പിടാതെ നടന്നുപോയ പാവം ഹൃദയത്തെ
തൊട്ടു നോക്കൂ സ്വന്തം മനസ്സിനെ
കാണുന്നതൊന്നും കാണാതെ സ്വയം
അന്ധത വരിച്ച ഗാന്ധാരീ നയനങ്ങളാണെനിക്ക്
നിലവിളികളിലേക്കു പോകുവാന്‍ സമയമില്ല
നിലവിളികള്‍ അങ്ങു ദൂരെയാണ്
ഞാന്‍ എത്തുമ്പോഴേക്കും നിലവിളികള്‍
അവസാനിച്ചിരിക്കും
പിന്നെ ഞാന്‍ എന്തിനു പോകണം
മറന്നു പോകരുത്
ഉപ്പു കുറുക്കിയ വിരലുകളെ
തോക്കുകള്‍ ഭയന്ന അഗാധമൗനത്തെ
ചിലപ്പോള്‍ മൗനം
വെടിയൊച്ചകളേക്കാള്‍ മാരകമാണ്.
അതെ,മൗനം ചിലപ്പോള്‍
തോക്കുകളേക്കാള്‍ ഉറക്കെ സംസാരിക്കും
അതെ,മൗനം ചിലപ്പോള്‍
അഗ്നിയായ് വെന്തു ജ്വലിക്കും
ഒടുവിലത്തെ മൗനത്തിന്‍റെ ഇടയില്‍
നിന്നാണ് നാം ഒരേ മരം വിട്ടു പറന്നത്
കല്ലിലെ തീപ്പൊരികള്‍ പോലെ
അശാന്തമായ എന്തോ ഒന്നുണ്ട്
അതിനെ തൊട്ടു നോക്കണം
കത്തുന്നില്ലെങ്കിലും നിന്നിലും
കത്തിപ്പടരുവാന്‍ ഇടിമിന്നല്‍ പോലെ
തീഷ്ണമായ എന്തോ ഒന്നുണ്ട്.
അതെ,ചിലപ്പോള്‍ മൗനം
വെടിയൊച്ചകളേക്കാള്‍ മാരകമാണ്.
കവിത എഴുതിയത്:ജയരാജ് മറവൂർ
Not connected : |