തെരുവിന്റെ അമ്മ
ഉറങ്ങുകയാണൊരമ്മ.
ഒന്നുമറിയാതുറങ്ങുകയാണമ്മ.
ശാന്തമായുറങ്ങുന്നൂ തെരുവിൽ
ഈ തെരുവിന്റെ അമ്മ!
തലപ്പത്തിരിക്കുന്ന ഭാണ്ഡവും
തെരുവുനായ്ക്കളും കാവൽ.
ചുറ്റിലും വേഗത്തിൽ പായുന്നൂ ചിലർ
ആയമ്മയെ കണ്ടിട്ടും കാണാത്തപോലെ.
പുകയൂതിപ്പായുന്നൂ വണ്ടികൾ
ഒട്ടുമാറി ഭോജനശാലയിൽ
തിക്കും തിരക്കും ആനന്ദവും.
തൊട്ടടുത്തൊരു കോവിലും-
ദൈവത്തിനു ശയിക്കുവാനായി.
എല്ലാമീ ദൈവം കാണുന്നുവെങ്കിലും
മനുഷ്യനേക്കാൾ കണ്ണടച്ചിരുട്ടാക്കി
കോവിലിൽ ശയനത്തിലാവും.
ഒട്ടും മതിയായില്ലെന്നപോൽ
വീണ്ടും കത്തിജ്ജ്വലിച്ച്-
ആയമ്മയെ പൊള്ളിക്കുന്നൂ സൂര്യനും.
എന്നോ ഒരു നിർവൃതിയിൽ
മുകുളമായുതിർന്നവൾ.
ഒരമ്മതൻ നോവായ് ജനിച്ചവൾ.
അമ്മതൻ ആനന്ദമായവൾ.
അച്ഛന്റെ കണ്മണിയായവൾ.
സോദരിയും ഭാര്യയുമായവൾ.
പൊന്മക്കൾതൻ അമ്മയായവൾ
ഇന്നവൾ അനാഥ!
തെരുവുനായ്ക്കൾ കാവലായ്
തെരുവിലുറങ്ങുന്നൂ തെരുവിന്റെ അമ്മ!.
-അമ്പു-
Not connected : |