ജാതിയുടെ അടയാളം  - തത്ത്വചിന്തകവിതകള്‍

ജാതിയുടെ അടയാളം  

പണ്ട് ഞാൻ നിന്നോടൊപ്പം
ഒരേ ചോറ്റുപാത്രത്തിൽ ഭക്ഷണം കഴിച്ചിരുന്നു
ഒരേ ബഞ്ചിലിരുന്നാണ് നമ്മൾ
ചരിത്രം പഠിച്ചത്
ജാലിയൻവാലാബാഗിലെ
വെടിയൊച്ചകൾ കേട്ട്
നമ്മൾ ഒരു പോലെ വിറച്ചിരുന്നു
ഉപ്പുസത്യാഗ്രഹത്തിന്
നാമൊരുമിച്ച് ഗാന്ധിയോടൊപ്പം
ദണ്ഡിയിലേക്ക് നടന്നു
വിഭജനത്തിന്റെ മുറിവുകൾ
നമ്മുടെ കണ്ണിലെ ചോരയായിരുന്നു
ശവങ്ങൾ നിറഞ്ഞ തീവണ്ടി
നമ്മുടെ കണ്ണീരിലൂടെ
ഓടിക്കൊണ്ടേയിരുന്നു
ഡൽഹിയിലെ തെരുവുകളിൽ
വീണു മരിച്ചവരുടെ വിലാപം
നെഞ്ചിൽ മുഴങ്ങിയിരുന്നു
ജാതിയില്ലാത്ത പേരുകളായിരുന്നു നമ്മൾക്ക്
ഞാൻ നിന്‍റെയോ നീ എന്‍റെയോ
ജാതി ചോദിച്ചില്ല
പക്ഷേ കൂട്ടുകാരാ
ഇന്നത്തെ ജാഥയിൽ നീ
മുൻനിരയിലുണ്ടായിരുന്നു
മൂന്നു പതിറ്റാണ്ടിനിപ്പുറം
ഇന്നാണ് ഞാൻ നിന്‍റെ
ജാതി തിരിച്ചറിഞ്ഞത്

എഴുതിയത്: ജയരാജ് മറവൂർ


up
0
dowm

രചിച്ചത്:
തീയതി:02-12-2018 08:50:39 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :