എന്‍റെ മേഘവസതിയില്‍ - തത്ത്വചിന്തകവിതകള്‍

എന്‍റെ മേഘവസതിയില്‍ 

എന്തോ പാടുവാനുണ്ടെന്ന പോല്‍
നാവില്‍ മറന്നു പോയൊരു നീലാംബരി
ആത്മസ്പന്ദനത്തെ തൊട്ടു പിരിഞ്ഞ കാറ്റില്‍
ഞാനെന്നുമറിയുന്നൊരു ബാംസുരി
ഏതോ കിളിച്ചുണ്ടില്‍ ശ്രുതി മീട്ടി
താനേ പിരിയുന്ന പാട്ടുകള്‍
താണു വന്നു തൊഴുന്ന പൂക്കള്‍
എങ്കിലും ഞാനിവിടെയൊറ്റക്കാണ്.
എന്‍റെയേകാന്തമൗനവും ജന്മവും
ഇവിടെയെന്നുമൊറ്റക്കാണ്
ഏകാന്തതേ നിന്നെ നൊന്തു
പ്രണയിക്കുമാത്മഗായകന്‍
എന്തോ മായുവാനുണ്ടെന്ന പോല്‍
കണ്ണില്‍ വന്നു മൂടും ഘനതമസ്സ്
ഒരു നാളെന്നെ നീ തൊട്ടറിയും
തീരെ തണുത്ത സ്പര്‍ശം പോല്‍
ഒരുനാളെന്നെ നീ മണം കൊണ്ടറിയും
ശിരസ്സില്‍ പൂക്കുന്ന ധൂമകാന്തി പോലെ
ഒരു നാളെന്നെ നീ രുചിയായറിയും
നാവിലിറ്റിച്ച ബലിച്ചോറു പോലെ
ഒരു നാളെന്നെ നീ മധുരമായറിയും
ആണ്ടറുതിക്കു കഴിച്ച നിവേദ്യം പോലെ
ഒരു നാളെന്നെ നീ സംഗീതമായറിയും
എന്നിലെ കവിതകള്‍ ഹിന്ദോളമാകും
ഏഴുകടലിന്നക്കരെ നീലക്കടമ്പുകള്‍
പൂക്കൂന്ന പ്രണയാര്‍ദ്രയാമം
അവിടെയെന്‍ മേഘവസതിയില്‍
എന്നും പാടാനെത്തുമാരോ
എന്നരികില്‍ ഗന്ധര്‍വ്വ കാമിതം
ഏകാന്തതേ നിന്നെ നൊന്തു
പ്രണയിക്കയാണാത്മഗായകന്‍
വരുമൊരുനാള്‍ നമുക്കു ശുഭകരം
പ്രീയതരമാം കവിത പോലൊരു ദിനം

കവിത എഴുതിയത്-ജയരാജ് മറവൂര്‍


up
0
dowm

രചിച്ചത്:
തീയതി:04-12-2018 10:20:55 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :