താരകാഹൃദയം
പടിവാതിലില്‍ വന്നെത്രനേരമുദിച്ചു നിന്നിട്ടും
താരകേ,മിഴിപാതിചാരിത്തുറന്നില്ല ഞാന്‍
ഒരു നേരവുമെന്നോര്‍മ്മതന്‍ വാതിലിലൂടെ
നിന്‍ വരവൊന്നും കണ്ടറിഞ്ഞില്ല ഞാന്‍
അനുരാഗത്തിന്‍ പുഷ്യരാഗമോതിരമണിഞ്ഞ
നിന്‍ വിരല്‍ത്തണുപ്പൊന്നുമറിഞ്ഞില്ല ഞാന്‍
പാതിയുറക്കത്തിന്‍ പ്രീയജാലകങ്ങളില്‍
പാതിരാക്കാറ്റുലയുന്ന പൂമരങ്ങള്‍ക്കപ്പുറം
ഒരുമാത്രയെന്നെ തനിച്ചാക്കി പിരിയവേ
നിന്‍ വിതുമ്പലിന്‍ വേദനയും കണ്ടില്ല ഞാന്‍
നിശാഗന്ധികള്‍പൂത്തനാള്‍ നിലാവിലെ
വരമന്ദഹാസമായരികില്‍ വന്നിരുന്നു നീ
താരകമിഴിയിതള്‍പ്പൊന്നുരുക്കിവച്ചു
സാഗരത്തിരയിലും പൊട്ടുകുത്തിമിനുക്കി
ദൂരതീരത്തുമറഞ്ഞതുമറിഞ്ഞില്ല ഞാന്‍
പാതിമരണമെന്നാരോപറഞ്ഞോരുറക്കം
ആദിമതമസ്സിന്‍ ചേതനയിലെ മയക്കം
നഷ്ടങ്ങളെത്രയെന്നറിഞ്ഞില്ലഞാന്‍
ഇഷ്ടമായിനിയുദിക്കുന്നേരം ഞാനുറങ്ങാതിരിക്കും
മിഴിവാതില്‍തഴുതിടാതെ നോക്കിയിരിക്കും
ജയരാജ് മറവൂര്‍
Not connected : |