ഇരയുടെ കണ്ണ് - തത്ത്വചിന്തകവിതകള്‍

ഇരയുടെ കണ്ണ് 

ഇരയുടെ കണ്ണില്‍ വേട്ടമൃഗത്തിന്‍
വന്യമാം ബിംബനം
ഇരയുടെ കണ്ണിലാദിമഗോത്രത്തിന്‍
എരിയുമഗ്നിചാലനം
ഇരയായതെന്തു കൊണ്ട്?
ഞാനിണയായതെന്തുകോണ്ട് ?
നിന്‍റെയാദിമദാഹം തീര്‍ക്കുവാന്‍
എന്‍റെ ചോര തേടുന്നതെന്തുകൊണ്ട് ?
നിന്‍റെയൊടുങ്ങാത്ത ജന്മകാമത്തില്‍
എന്‍റെ തോണി മുങ്ങിയമരുമ്പോള്‍
നിന്നിലെ കോശങ്ങളില്‍
സുഖത്തിന്‍ വൈദ്യുത ബിന്ദുക്കള്‍
പടര്‍ന്നാത്മനിര്‍വൃതി പൂക്കുമ്പോള്‍
വേദനനിറയുമൊരു നദിയില്‍
വീണുകിടക്കുന്നു ഞാന്‍
ഇരയ്ക്കു മാത്രമാം കണ്ണീരിന്‍
നദിയില്‍ വീണുകിടക്കുന്നു ഞാന്‍
വിട്ടയ്ക്കുക നിന്നില്‍നിന്നുമെന്നെ
കാണട്ടെ ജീവപ്രപഞ്ചസൗന്ദര്യം
ഇരയാകുന്നവര്‍ക്കെന്നും
കുറ്റമാണു ഭൂമിയില്‍
വേട്ടമൃഗത്തിനുശക്തിതന്നപദാനം
കീഴടക്കിയതിന്‍ രഹസ്യമാമാനന്ദം‍
ഇരയാകുവാന്‍ വരില്ല ഞാന്‍
ഇനി നിന്‍റെ കയ്യിലെ
ദുഖബിന്ദുവാകാന്‍ വരില്ല ഞാന്‍
ഒരു നിമിഷമൊരുമൃതിപ്പക്ഷിയായ്
പറന്നു പോയാലും, ഇനി വരില്ല ഞാന്‍

കവിത എഴുതിയത് :ജയരാജ് മറവൂര്‍


up
0
dowm

രചിച്ചത്:
തീയതി:14-12-2018 09:32:43 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :