ഒരു ഓന്തും മനുഷ്യന്‍റെ നിറവും
ഒരേ മരത്തില്‍ കാലങ്ങളായ്
നിറം മാറി മാറി ഞാന്‍
വസന്തത്തില്‍ പൂക്കള്‍ തന്‍ നിറമായ്
ഗ്രീഷ്മത്തില്‍ വിരഹശോകം
കൊഴിയുമിലകള്‍ തന്‍ നിറമായ്
കാറ്റുവന്നുമ്മ വച്ച പാട്ടുകള്‍
ഓർത്തുപാടുന്ന പോല്‍ മൃദുസ്വനം
ഏതോ വിപഞ്ചിക തുന്നി വച്ച
പോലിലച്ചാർത്തിന്‍ മർമ്മരങ്ങള്‍
ഹേമന്ദവും വർഷവും ശിശിരവും
വന്നുപോയൊരോർമ്മകള്‍
ഋതുക്കളിലെന്നിലോരോ
നിറങ്ങളെഴുതുമ്പോഴും
പച്ചിലവീടെനിക്കു പുഷ്പതല്പം നീട്ടി
പാതിരാമഴയിലഭയം നല്കി
വസന്തത്തിലോരോ പൂവു നീട്ടി
കുഞ്ഞുകിളികളെ കൂട്ടിനു തന്നു
ചന്ദ്രികപ്പോന്‍വെളിച്ചം വീണ വീട്
താരക മേലാപ്പുതുന്നി മോഹനം
താണുവന്നുമ്മ വയ്ക്കുന്ന പോലെ
കാലത്തിന്‍ മോഹനമാം വിരലുകള്‍
പാവമൊരോന്തു ഞാന്‍
ഓരോ നിറം വന്നുപോകുമ്പോഴും
പുതിയ നിറമാകുവാന്‍
കൊതിച്ചുപോയ് ഞാന്‍
എങ്കിലും മനുഷ്യന്‍റെ
നിറമാകുവാന്‍ കൊതിക്കില്ല ഞാന്‍
മനുഷ്യനോരോരോ നിറങ്ങള്‍
മനസ്സിനോനോരോരോ നിറങ്ങള്‍
നിറങ്ങള്‍ മാറി മാറി മനുഷ്യന്‍
നിറമില്ലാത്തൊരോര്‍മ്മയായ്
ചില മനുഷ്യര്‍ക്കെന്തു നിറം
മനസ്സിന്‍റെ ക്രൂരമാം നിറം
എഴുതിയത്:-ജയരാജ് മറവൂര്‍
Not connected : |