ഇതളുകൾക്ക് പറയാനുള്ളത്  - തത്ത്വചിന്തകവിതകള്‍

ഇതളുകൾക്ക് പറയാനുള്ളത്  

ഈ വസന്തത്തിൽ നിന്നാണ്
ഇതളുകൾ കൊഴിഞ്ഞു പോയത്

ഉറുമ്പുകൾക്ക് അവ
മൺസൂണിൽ കുടയായി

വിശപ്പു കനത്തപ്പോൾ
അവർക്ക് ഭക്ഷണമായി

കാറ്റുകൊണ്ടു പോയ ഇതളുകൾ
സാഗരത്തിരയിൽ നൃത്തമാടി

മഴയത്ത് ഒലിച്ചു പോയ ഇതളുകൾ
പുഴയ്ക്ക് ശാലീനസൗന്ദര്യമായി

എങ്ങും പോകാതെ പാതയോരത്ത്
വീണു കിടന്നവ ഭൂമിക്ക് സൗന്ദര്യമായി

അപ്പൂപ്പൻ താടിയോടൊപ്പം
നൃത്തം ചെയ്ത ഇതളുകൾ

ബാല്യത്തിന്‍റെ സ്വപ്നഹൃദയം
പങ്കിട്ടെടുത്ത പുഷ്പങ്ങൾ

കുട്ടികൾ കൊണ്ടുപോയ ഇതളുകൾ
മുടിയിൽ മധുരവസന്തമായി

വൃദ്ധർ വാരിയെടുത്തോരിതളുകൾ
പ്രാർത്ഥനാപുഷ്പങ്ങളായി

സൗഹൃദം പങ്കിട്ടെടുത്തോരിതളുകൾ
വേർപിരിയലിൻ രക്തപുഷ്പങ്ങളായി

മരണം കൊണ്ടു പോയോരിതളുകൾ
അഗ്നിത്തിരയിൽ ചാരമായി

മനസ്സു കണ്ടെടുത്തോരിതളുകൾ
പ്രണയത്തിൻ നവസൂനങ്ങളായി

നാം മോഷ്ടിച്ചെടുത്തോരിതളുകൾ
കണ്ണീരിൽ കുതിർന്നു നഷ്ടമായ്

വസന്തം പിരിഞ്ഞു പോകുന്നില്ല
ഇനിയും വരും വരാതിരിക്കില്ല

എഴുതിയത് - ജയരാജ് മറവൂർ


up
0
dowm

രചിച്ചത്:
തീയതി:18-12-2018 11:03:12 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :