വീണ്ടും പൂക്കുക ഗുൽമോഹർ - പ്രണയകവിതകള്‍

വീണ്ടും പൂക്കുക ഗുൽമോഹർ 

എന്നോ വരുമെന്നുകരുതിയിരുന്നു
എന്‍റെ മനസ്സിന്‍ ചന്ദ്രോദയം
ഈ സായന്തനത്തിലാണെങ്കിലും
ആ നീള്‍മിഴിപ്പൂവുകള്‍ വിളിക്കുന്ന പോലെ
എന്നോ കാണുമെന്നുകരുതിയിരുന്നു
ഇതു പോലൊരാളെന്നരികേ
ധനുമാസനിലാവിന്‍ മുഗ്ദഹാസം പോലെ
മുഖശ്രീയായെന്നും മൃദുവാം പുഞ്ചിരി
വാലിട്ടെഴുതിയ നയനങ്ങളി ൽ
ആർദ്രമൊരു പൌർണ്ണമിച്ചന്തം
ഓരോ വിരൽ തൊട്ടരികിലിരുന്നു
ഓർമ്മ തന്‍ സ്പന്ദനം പോലെ നീ
കാത്തു വച്ചിരുന്ന മൌനം മുറിഞ്ഞു വീണു
കുഞ്ഞുമഴ പോലെ ചിരി പെയ്തു വീണു
കാതോരമോരോ രഹസ്യങ്ങള്‍
നാം കാണാതെയുള്ള ദിനം ശൂന്യമായ്
പ്രണയമധുരിതമാമൊരു മനസ്സു കണ്ടു
ആ മൃദുഹൃദയവിപഞ്ചിക തൊട്ടു
ആർദ്രഹസിതങ്ങളില്‍ നിലാവിന്‍
പൊന്‍പീലികൊണ്ടു തൊട്ടുഴിഞ്ഞു
എന്നും കാത്തിരുന്ന വസന്തത്തിൽ
കുഞ്ഞു കിളി തന്‍ പിണക്കവും മോഹനം
എപ്പോഴും വിരിയുവാന്‍ കാത്തിരിക്കും
പൂക്കളുമായ് നിൽക്കയാണൊരു വൃക്ഷം
നിന്നിലെയിഷ്ടത്തിന്‍ചുവന്ന പൂക്കളുമായ്
നന്മ തന്‍ സൌന്ദര്യമാം ഗുൽമോഹർ
എന്നോ വരുമെന്നു കരുതിയിരുന്നു
എന്നരികിലാത്മസൌന്ദര്യമായൊരാള്‍
ഈ മഹാപ്രപഞ്ചവീഥിയിൽ
തെന്നിയകലും കാലമൊരു വിസ്മയം
അല്പകാലമാണെങ്കിലുമൊപ്പം
ആ മിഴിത്തിളക്കത്തിന്‍ വെളിച്ചത്തിൽ
അരികിലൊരു സൂര്യകാന്തി പൂത്ത പോലെ
പൂത്തുനിന്നൊരുപൊന്നശോകം
ചില്ലകള്‍താഴ്ത്തിയുമ്മ തന്ന പോലെ
എന്നും പാടുവാറുള്ളൊരുപക്ഷികള്‍
ഇന്നൊരു ഹിന്ദോളരാഗം മീട്ടിയ പോലെ
എന്നുമെന്‍ ഹൃദയത്തിനൊപ്പം
നിന്നിഷ്ടമൊതുങ്ങിയിരിക്കും

എഴുതിയത്:ജയരാജ് മറവൂർ


up
0
dowm

രചിച്ചത്:
തീയതി:19-12-2018 09:33:12 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:373
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :