നിഴൽ പോലെ നീ
പതിയേ മറയുന്ന സന്ധ്യേ
പ്രണയാർദ്രസന്ധ്യേ
നിൻ തൂവലിൽ ഞാനെഴുതി
മരിച്ച പകലിന്‍റെ കവിത
അകലേ നിഴലായ്
നീ മായുമ്പോൾ
അരികേ കനലായ്
വേവുന്ന മാനസം
പതിയേ മറയുന്ന
ജന്മദിനങ്ങളേ
ജീവൽ പ്രണയത്തിൻ
മായുന്നൊരക്കങ്ങളേ
കടൽത്തീരസായന്തനം
കൊരുത്ത വിരലുക -
ളഴിഞ്ഞുപിരിയുന്നേരം
ഏതോ കടൽപ്പക്ഷി പാടുന്നൂ
പതിയേ മറയുന്ന നിഴൽ
നിദ്ര തേടും മാനസം
വിജനമാം പാതകൾ
വിളക്കുകാലിൻ മൗനം
പിരിയുകയാണനാഥ ഗായകൻ
ഒന്നുമില്ലാതെ ,നിഴലിനൊപ്പം
ഒരു പുഞ്ചിരി, ഒരു വാക്ക്
വേദനയോടൊരു പിൻവിളി
പതിയേ നീയും നിഴലാകുന്നു
അകലേ വിഷാദ ഗായകർ പാടുന്നു
ഉപേക്ഷിക്കപ്പെട്ട ഗിത്താറിൽ
കടൽത്തിരകൾ ഹിന്ദോളം മീട്ടുന്നു
ഇനി ഞാനും നിഴൽ മാത്രം
നീയില്ലാത്തൊരൊറ്റ നിഴൽ
ആത്മഹൃദയം വിതുമ്പുന്നു
ഒറ്റയ്ക്ക് ഞാൻ പിരിയുന്നു
കവിത എഴുതിയത് - ജയരാജ് മറവൂർ
Not connected : |