ഉറക്കമില്ലാത്ത പക്ഷിയുടെ നിഴല്‍ - തത്ത്വചിന്തകവിതകള്‍

ഉറക്കമില്ലാത്ത പക്ഷിയുടെ നിഴല്‍ 

ഉറങ്ങുവാന്‍ കഴിഞ്ഞില്ല
രാവിന്‍റെ നീലമയില്‍പ്പീലിയില്‍
നിറങ്ങളൊന്നും തെളിഞ്ഞില്ല
ഓർമ്മകള്‍ തന്‍ വിജനമാം വഴി
ചിന്നിയ മുഖമുള്ള നിഴലുകള്‍
മങ്ങിയ നിറമുള്ള കാഴ്ചകള്‍
കടുത്ത നിറമുള്ള കനലുകള്‍

പ്രീയ നിറമുള്ള നിദ്രയെവിടെ
രാഗമെഴുതിയ സ്വപ്നങ്ങളെവിടെ
താളമാർന്ന തളിർവിരലെവിടെ
നേർമ്മയുള്ള മാനസമെവിടെ
ഓർക്കുവാന്‍ കഴിഞ്ഞില്ല
ഒന്നും മറക്കുവാന്‍ കഴിഞ്ഞില്ല
രാവിന്‍ പുസ്തകത്തില്‍
രാഗനിലാവിന്‍ കവിത

മുറ്റത്ത് ചിത്രമെഴുതുന്നൂ
ഉറക്കമില്ലാത്ത പക്ഷിയുടെ നിഴല്‍
കാതില്‍ ലയതാളമധുരമാകുന്നൂ
നിദ്രയില്ലാത്ത പക്ഷിയുടെ പാട്ട്

കനലെരിയുന്ന പകലുകളേ
നിറയെ നോവുള്ള സന്ധ്യകളേ
അറിയാതെ കരയുന്ന രാവുകളേ
പുലരുവാന്‍ മടിയുള്ള നിമിഷങ്ങളേ

ഒരു നെടുവീർപ്പിന്‍ നിമിഷങ്ങള്‍ മാത്രം
ഇനിയുള്ള ജീവിതം പൊലിയുവാന്‍
അറിയുന്നില്ല നാം അറിഞ്ഞാലും
അറിയാത്തവരായ് മാറുന്നു നാം

ഏറെ നിറമുള്ള മനസ്സില്‍
നൂറു നിറമുള്ള സ്വപ്നമായ്
ആർദ്രഹസിതങ്ങളില്‍
പ്രീയവിരഹങ്ങളില്‍
ആത്മാനുഭൂതികളില്‍
ആനന്ദമെന്നാത്മാവില്‍
നീ നിറയുന്നൂ നിലാവായ്

ഓർമ്മകള്‍ മാത്രം
ഓർമ്മകള്‍ക്കപ്പുറം
വെറുപ്പിന്‍റെ പകലുകള്‍
വിജനമാം ജീവിതം
വരിക ശ്യാമ നിദ്രേ
തഴുകുകയാർദ്രം
പ്രീയമാം പ്രണയിനി തന്‍
മധുരമാം സ്പർശം പോലെ
ഉറങ്ങട്ടെ ഞാന്‍
ഓർമ്മകളില്ലാതെ
ഓളങ്ങളില്ലാതെ
ശാന്തമധുരമായ്


എഴുതിയത്-ജയരാജ് മറവൂർ



up
0
dowm

രചിച്ചത്:
തീയതി:09-01-2019 10:32:47 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :