വിലാപം - തത്ത്വചിന്തകവിതകള്‍

വിലാപം 

മുഖപുസ്തകത്തില്‍ ഞാനൊരു നാള്‍ തിരയവേ
ദൈന്യമാമൊരു മുഖം പതിയുന്നു മിഴികളില്‍
അന്ത്യകാലത്തു തന്‍ മക്കളെ കാണുവാന്‍
കൊതി പൂണ്ടിരിക്കുമൊരമ്മ മുഖം

നല്ല കാലത്തിന്‍റെയദ്ധ്വാനമെല്ലാമീ
മക്കളെ പോറ്റുവാനായിരുന്നു.
ആ മക്കള്‍ തന്നോളമെത്തിയ നാളിലീ
അമ്മയെ വേണ്ടാത്തതെന്തിനാലേ

വൃദ്ധ സദനത്തിനിറയത്തൊരു കോണില്‍
വഴി കണ്ണുമായങ്ങിരിപ്പതമ്മ
അന്ത്യകാലത്തെന്‍റെ മക്കളെ കാണണം
അമ്മ തന്‍ നയനങ്ങളീറനായ്

വിങ്ങുമാ വൃദ്ധ മനസ്സിലൊരായിരം
ചിന്തകള്‍ മിന്നിപ്പിടഞ്ഞു പോയി
എന്തപരാധത്തില്‍ ചെന്നു പതിച്ചു ഞാന്‍
മക്കളിന്നീ വിധം ചെയ്തീടുവാന്‍...

ഭ്രൂണമായുദരത്തിലുയിര്‍കൊണ്ട
നാള്‍ മുതലമ്മതന്‍ രക്തത്തിന്‍
സത്തയങ്ങൂറ്റി കുടിച്ചു വളര്‍ന്നതല്ലെ..
ഞാന്‍ ഉദരത്തിലേറ്റി നടന്നതല്ലേ

പൈതലായ് വന്ന് പിറന്നതില്‍ പിന്നെയീ
അമ്മ തന്‍ നെഞ്ചില്‍ കിനിയുന്ന സ്നേഹമാം
അമ്മിഞ്ഞയുണ്ടു വളര്‍ന്നതല്ലെ..
എന്‍ മാറില്‍ കടിയേറെ കൊണ്ടതല്ലേ

വാത്സല്യത്തേന്‍ ചുരന്നമ്മയന്നേകിയ
അമ്മിഞ്ഞ മാധുര്യം മറന്നിടാമോ
കുഞ്ഞി്ക്കാലടി പിച്ചവച്ചീടുമ്പോള്‍
കൈപ്പിടിച്ചേറെ നടത്തിയില്ലേ

പിന്നിട്ടാ കാലത്താ ചെവിയില്‍ ഞാനത്രയോ
മുത്തശ്ശി കഥ ചൊല്ലിയുറക്കിയില്ലേ
അമ്മ വിശന്നിട്ടുമൂട്ടിയെന്‍ മക്കളേ
തന്നോളമാക്കി വളര്‍ത്തിയില്ലേ

ആയുസ്സിലേറെയും മക്കളെ പോറ്റുവാന്‍
മണ്ണില്‍ പണിയേറെ ചെയ്തതല്ലെ
വെയിലിന്‍റെ കാഠിന്യമേറ്റു തളര്‍ന്നിട്ടാ
പുഴവെള്ളമേറെ കുടിച്ചതല്ലെ

ആതുരാലയത്തിന്‍ പടിക്കലങ്ങത്ര നാള്‍
ഉണ്ണുതുറങ്ങാതെ കാവലായി
എന്നിട്ടുമെന്തെന്‍റെ മക്കളെയിങ്ങനെ
ഇടനെഞ്ചുപൊട്ടിക്കരയുമമ്മ

എനിയ്ക്കെന്‍റെ മക്കളെ കാണേണമതിനാ-
യിട്ടെന്തു ഞാനിനിയും നല്‍കിടേണം
നല്ല കാലത്തിന്‍റെ മിച്ചമായുള്ളൊരു
സ്വത്തെല്ലാം വീതിച്ചു നല്കിയില്ലെ

മിച്ചമില്ലിനിയൊന്നുമെന്‍ ജീവനല്ലാതെ
നല്‍കിടാമതുമെന്‍റെ മക്കള്‍ക്കായ്
വരികില്ലേ മക്കളെ.. അമ്മ തന്‍ കാത്തിരിപ്പ്
ഇനിയേറെ നാളേക്ക് കാണുകില്ല.

ശപിക്കുവാനാകില്ലൊരമ്മയ്ക്കും മക്കളെ
എങ്കിലുമോര്‍ക്കെന്‍റെ വാക്കുകള്‍ നിത്യവും
നിങ്ങള്‍ തന്‍ ചെയ്തികള്‍ ശരിയെന്ന് തോന്നുകി-
ലാവര്‍ത്തിച്ചീടുമീ ശരി നിന്‍റെ മക്കളും.


ശിവശങ്കരപിള്ള
തുരുത്തിക്കര
7025391757


up
0
dowm

രചിച്ചത്:ശിവശങ്കരന്‍പിള്ള, തുരുത്തിക്കര
തീയതി:25-04-2019 04:47:34 PM
Added by :sanila s
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :