വേണ്ട ..മരിച്ച് പോയാലോ? - തത്ത്വചിന്തകവിതകള്‍

വേണ്ട ..മരിച്ച് പോയാലോ? 

ബാല്യമിപ്പോഴും
പുഴയരികിലെ
മരക്കൊമ്പിലിരുന്ന്
നീലാകാശംപുതച്ചുനിൽക്കുന്ന
പുഴയിലേക്ക്
പൊൻമാനിനെപ്പോലെ
എടുത്തുചാടുന്നുണ്ട്.
വഴിയരികിൽ കാറ്റിനൊപ്പം
വഴിതെറ്റിയെത്തുന്ന
അപ്പൂപ്പൻ താടികളെ
കയ്യിലൊതുക്കാൻ
വെമ്പൽ കൊള്ളുന്നുണ്ട്.
--------------------------------
ബാല്യമിപ്പോഴും
ഈർക്കിൽ
കഷണവുമായി
കുഴിയാനകളെ തിരഞ്ഞു
പുരയ്ക്കു ചുറ്റും
ഓടുന്നുണ്ട്.
നനഞ്ഞൊട്ടിയ
ഉടുമുണ്ടിലിപ്പോഴും
തോട്ടിലെ പരൽ മീനുകൾ
പുളയുന്നുണ്ട്..
പാടത്തെ
ചെളിയിൽപൂണ്ട
കാലുകൾ
പ്ലക് പ്ലക് കേൾപ്പിച്ചു
നൃത്തം ചെയ്യുന്നുണ്ട്.
വേനൽ മഴ
വിയർപ്പിന്റെ ഉപ്പുരസം
ചുണ്ടിലെത്തിക്കുന്നുണ്ട്.
--------------------------------------
ബാല്യമിപ്പോഴും
അവൾക്ക് വേണ്ടി
ചിരട്ട മോതിരം
കുത്തുന്നുണ്ട്.
വഴിവക്കിലെ ആളൊഴിഞ്ഞ
ഇടങ്ങളിൽ
കീശയിലോളിപ്പിച്ച
ഉപ്പും പുളിയുമായ്
അവളുടെ നുണക്കുഴി
കാണാൻ പാത്തിരിപ്പുണ്ട്
----------------------------------------
ബാല്യമിപ്പോഴും
മഷിത്തണ്ടുകൾ തേടി
പാടവരമ്പിലൂടലയുന്നുണ്ട്.
ഇടിമിന്നൽ പേടിച്ച്
പുതപ്പിനടിയിൽ
വിരലൊളിപ്പിക്കുന്നുണ്ട്.
-------------------------------------------------
ബാല്യമിപ്പോഴും
അമ്മയുടെ
ചിറകുകളിലേക്ക്
തളർന്നു വീഴുന്നുണ്ട്.
ഉമ്മകൾ കൊതിച്ച്
വെറുതെ
പനി പിടിപ്പിക്കുന്നുണ്ട്.
------------------------
ബാല്യമിപ്പോഴും
മഞ്ചാടിമണി തേടി
ഊടു വഴികളിലെ
തൊട്ടാവാടിയുടെ
കുത്തുകൊള്ളൂന്നുണ്ട്.
വെള്ളത്തുള്ളികൾ
വരമ്പിന് മേലെ
മഞ്ഞു തുള്ളികൾ
പോലെ ഞാന്നിരുന്നു
കൊതിപ്പിക്കുന്നതും
നോക്കി പുഞ്ചിരി
തൂവുന്നുണ്ട്..

---------------------------------
ബാല്യമിപ്പോഴും
സ്കൂൾ മുറ്റത്തെ
നെല്ലിമരച്ചോട്ടിലേക്ക്
കൈകാട്ടി വിളിക്കുന്നുണ്ട്.
കണ്ണാരം പൊത്തി-
കളിക്കാൻ ഒളിത്താവളം
തിരഞ്ഞു കിതയ്ക്കുന്നുണ്ട്..
-----------------------------------------
ബാല്യമിപ്പോഴും
കൊങ്ങിണി പൂ തേടി
കാട് കയറുന്നുണ്ട്.
കമ്പിത്തിരി കത്തിച്ച്
മുത്തശ്ശിക്കരികിലേക്ക്
കുതിച്ചു പായുന്നുണ്ട്.
---------------------------------
കണ്ണുനീരിപ്പോൾ
എലികൾ പായുന്ന
വീടിനെ ഓർത്ത്,
തൊടിയിലെ
അരിപ്പൂക്കളെഓർത്ത്,
മുളം കാട്ടിലെ
കാറ്റിന്റെ ചൂളംവിളിയോർത്ത്,
നനഞ്ഞൊലിച്ചെത്താറുള്ള
അച്ഛനെ ഓർത്ത്,
തൊടിയിലെ ഉണ്ണി-
മാങ്ങകൾ പോലെ ഞെട്ടറ്റു
ചുണ്ടിൽ തൊട്ടുരുമ്മി
നിലത്തേക്ക്.....
നിന്നെക്കുറിച്ച് കൂടി
രണ്ട് വരികൾ
എഴുതണമെന്നുണ്ട്
വേണ്ട..
വരികൾക്കിടയിൽ കുരുങ്ങി
മരിച്ചു പോയാലോ?....
-----------------------------


up
0
dowm

രചിച്ചത്:
തീയതി:01-06-2019 07:22:54 PM
Added by :Vineesh P
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me