ഊർമ്മിള
ഊർമ്മിള
ആര്യപുത്രാ നീ ചോദിച്ചീല 'നിനക്കു സൗഖ്യമോ'
യെന്നീ വ്യാഴവട്ടത്തിന്നു ശേഷവും.
ജ്യേഷ്ഠഭ്രാതാവിൻ നിഴലായ് നിൽക്കും നിന്നെയാനയിക്കുവാനീ കൊട്ടാരക്കെട്ടുകൾ നോമ്പു നോറ്റിരുന്നെത്ര രാവുകൾ, പകലുകൾ.
ധീരഗംഭീര സുന്ദരമാം വദനമെൻ
നേർക്കു നീട്ടാതെ നോക്കിനിൽക്കുന്നു നീ ദൂരെ നിസ്സംഗനായ്.
ഓർത്തുപോലുമില്ലയോ? എന്റെ പ്രണയത്തെ, നിന്നോടുള്ള ശാശ്വത പ്രേമത്തിൻ മുക്തസൗഗന്ധികങ്ങളെ?
ഓർക്കുവതെങ്ങനെ? നീ നീയാണാ ഹൃദയത്തിൽ ആർദ്ര സ്നേഹത്തിൻ മുത്തുകൾ വിളയിക്കാൻ കഴിയാത്തവളീയൂർമ്മിള.
നീ കുലച്ചില്ലൊരു ശൈവ ചാപവുമിവൾക്കായി
വെന്നതില്ലാ ഭാർഗവ ഗർവ്വവും.
നൽകിയില്ലല്ലോയെനിക്കു
നീയാവനസ്വച്ഛത
ഒരു കൈക്കുമ്പിളിലെ സ്നേഹം
വിടർന്ന പുഞ്ചിരി .
ശാഠ്യമാർന്നില്ല ഞാൻ നിൻ പുറകേ ഗമിക്കുവാൻ.
സ്വപ്നങ്ങൾ വിടർത്തിയി
ട്ടില്ല നിൻ മുമ്പിലൊരു സുവർണ്ണ ഹരിണത്തിനായ്.
അമ്പെയ്തതില്ല നീയെനി
ക്കായൊരു മാരീചനെ
കൊന്നതില്ലൊരു കഠിന
ഹൃദയനാം ദശാനനെ.
ഇപ്പോഴെന്താവും നിൻ മനസ്സിൽ? നീയിത്രനാളും പാർത്ത
വനപർണ്ണശാല തൻ
ശാന്തശാന്തമാം സ്മരണയോ?
കോടമഞ്ഞിൽ പുതഞ്ഞ നിലാവു പോൽ
താരകങ്ങൾക്കു കീഴെ നീയമരുമ്പോൾ
സ്നേഹനൂപുരം ചാർത്തി
യെന്നും നിന്നെ കാത്തിരു
ന്ന പെൺകിളിയെ നിനച്ചുവോ?
നന്ദി, തന്നതില്ല നീയൊരു സപത്നിയെ സുമിത്രയ്ക്കു കൗസല്യയെന്നപോൽ.
നന്ന് ഇനിയുണ്ടാവാതിരി
ക്കട്ടെ മറ്റൊരൂർമ്മിള
കൊടിയ താപമോലുമീ
വിരഹദു:ഖം സഹിക്കുവാൻ.
എന്റെ നെഞ്ചിലെ തൊട്ടി
ലിൽ നിന്നെയുണ്ണിയാക്കി
യുറക്കി കിടത്തുവാൻ
നിന്റെയുണ്ണിക്കു തൊട്ടിലാകുവാൻ
നിന്റെയുടലിന്റെ ചില്ലയിൽ
ശുഭ്രവർണ്ണ സൂനമായ് ഗന്ധ
വാഹിനിയായിപ്പടരുവാൻ
എത്ര മേഘാവൃതമെങ്കിലും നീയാം നിശീഥത്തിലൊറ്റ
നക്ഷത്രമായലിഞ്ഞീടുവാൻ
എത്രയെത്രയോ മോഹിച്ചിവളീ
പ്പാവം,പത്നിയായതോ
നിനക്കു ഞാൻ ചെയ്ത കുറ്റം
എന്തു ചെയ്യാനാര്യ നീയെന്നെ
യണിയിച്ചോരീ യംഗരാഗവും
പൊൻമണിത്താലിയും, വളകളും?
എന്തുചെയ്യട്ടെ ഞാനീ വ്രണിത സിന്ദൂരത്തെ?
എന്തുചെയ്യാനീ കസവു വെൺ പട്ടിനെ?
കണ്ടതില്ല നീയെന്റെയുള്ളി
ലെയഗ്നിയെങ്കിലും
നിന്നെ മാത്രം സ്നേഹിപ്പൂ ഞാൻ.
ഓമനിച്ചവൻ പോയ് മറഞ്ഞ മഴയിലായോർമ്മ
തൻ പീലിനീർത്തുന്ന കേകി ഞാൻ .
🌹---🌹---🌹---🌹---🌹❤🌺🌺🌺❤🌹🌸🌹
ആരീയുർമ്മിള? ഒരു രാമായണത്തിന്നേടിലുമാ
ആദി ഗായകനെടുത്തു ചൊല്ലാത്തവൾ.
ഒരു സർഗ്ഗ കാവ്യത്തിലും
കനകകാന്തി ചിന്താത്തവൾ.
സരയു തന്നാഴങ്ങളിൽ മോക്ഷാർത്ഥിയായലിയുമ്പോഴും ലക്ഷ്മണൻ കൂടെ വിളിക്കാത്തവൾ.
രാമസീതാസൗമിത്രിമാരാ മഹാ ജീവിതരംഗങ്ങളാടി തിമിർക്കവേ ആകാശമൗനത്തിലാ-
ഷാഢ സൂര്യനെപ്പോലെ മറഞ്ഞവൾ.
എങ്കിലും ഭദ്രേ നീ പറയാതെ വച്ച നൊമ്പരം
നിൻ നിഷ്കാമ പ്രേമ
ജലധി തന്നലയാഴികൾ.
ജീവതാളം പോൽ നീ കാത്തു സൂക്ഷിച്ച നിർമ്മല പ്രേമത്തിൻ പൊൻപരാഗങ്ങൾ.
ഏതു കാവ്യഹൃദയത്തിലാ-
ണശ്രുവായ് പതിക്കാത്ത
തേതു മൂകവീണയിൽ നാദമായുയിർക്കാത്തൂ?
നിർമ്മല ഹൃദയേ നിനക്കെൻ പ്രണാമം.
സ്വപ്നസന്നിഭമനർഘം
നിൻ ജീവിത മഹാകാവ്യം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|