വരട്ടാർ - ഇതരഎഴുത്തുകള്‍

വരട്ടാർ 

വരട്ടാറിൻ കഥയിതാ
വരൾച്ച മാറ്റിയ വരമിതാ
പുഴ ഒഴുകും വഴിയിതാ
പുനർജനിതൻ കഥയിതാ

ആദിപമ്പതൻ പുണ്യമായി
മണിമല തൻ നന്മയായി
ഇടനാടിൻ ഇടനെഞ്ചിൽ
വരട്ടാറിൻ ഉത്സവം

തൈമറത്തിൻ തെന്നലായ്
തലയാറിതേകും തലോടലായ്
കുറ്റൂരിൻ കാറ്റിതേൽക്കാം
മംഗലത്തിൻ മർമരം

പുതുക്കുളങ്ങര പുലരിയും
ഇരമല്ലിക്കര ഈണവും
കീഴ്‌ച്ചേരി കടവിനേകും
കീർത്തി തന്നുടെ കങ്കണം

ആറ്റുവഞ്ചി പാട്ടുകൾ
മുളങ്കാടിതേകും ചൂളവും
പുഞ്ചിരിക്കാൻ മാത്രമായി
മുന്നിലെത്തും പൂക്കളും

ആറ്റുമീനിൻ കുസൃതികൾ
തോട്ടുപുളികൾ പുല്ലുകൾ
പള്ളിയോടം പോകും വഴിയിൽ
വഞ്ചിപ്പാട്ടിൻ ആരവം

ജനപഥങ്ങൾ ജൈവലോകം
ജനനി തീർത്തൊരു അത്ഭുതം
ഇരുകരയും വർണ്ണമേകും
പ്രകൃതി തന്നുടെ പ്രണയവും

സ്വപ്നതുല്യം സ്വർഗ്ഗലോകം
നാടിനെന്നും ഉത്സവം
കർഷകർക്കോ നിർവൃതി
വരട്ടാറിതേകും പുഞ്ചിരി

കാലമങ്ങനെ പോയ്മറഞ്ഞു
കറുകറുത്തൊരു പുലരിയിൽ
വരട്ടാറിൻ മരണദൂതായ്
മാനവർ തൻ ചെയ്തികൾ

മണലൂറ്റിയ മാനവർ
വഴി വെട്ടിയ വികസനം
കലുങ്കായും ചിറയായും
ശവമഞ്ചമൊരുക്കവേ

ഉറവ വറ്റി ഉയിര് വറ്റി
നിലവിളിതൻ ഭാരമായി
കരുണതേടി കനിവുതേടി
കാത്തിരിക്കും കാലമായി

കയ്യേറ്റം ഇരുകരകൾ
കാർന്നു തിന്നൊരു വേളയിൽ
പുഴ മരിക്കും കാഴ്ച്ചകൾ
ചിതലരിക്കും ഓർമ്മകൾ

മണൽകുഴികൾ കുപ്പികൾ
മനം മടുക്കും കാഴ്ച്ചകൾ
കാണ്മതില്ല പണ്ടു നമ്മൾ
കാൽ കഴുകും കടവുകൾ

തിമിരമേറ്റാ തലമുറ
തിരസ്കരിക്കും നന്മകൾ
തേടിയെത്തും കാലമായി
തിരിച്ചറിയും നേരമായി

വരൾച്ചയേറ്റും ദുരിതമേറ്റും
ജനഹൃദയം തളരവേ
തിരിച്ചറിഞ്ഞു പിറവിതൊട്ടെ
കുളിർമയേകിയ പുഴയവർ

തിരിച്ചെടുക്കാൻ മനസ്സുറച്ച്
അണിനിരന്നവർ അനവധി
വരുകയായി വരട്ടാറിൽ
പുനർജനിതൻ ദൂതുമായി

കൊടികളില്ല നിറമതില്ല
മറയും ജാതി ചിന്തകൾ
നമ്മളൊന്നായി തീർത്തിടുന്നു
നന്മ നൽകിയ നിർവൃതി

ഒഴുകി ഒഴുകി വരുകയായി
ജനത തന്നുടെ പുഞ്ചിരി
മരണതീരം കണ്ട പുഴതൻ
മധുരമേകും പിൻവിളി

മാനവർതൻ നന്മയിനിയും
മനസ്സിലുണ്ടെന്നോർക്കുവാൻ
ഒന്നുചേർന്നവർ ഇന്ന് തീർത്തത്
നാളെകൾക്കൊരു മാതൃക

വരട്ടാറിൻ വരവിതാ
പുനർജനിതൻ കഥയിതാ
ഇനി ഒരായിരം പുഴകൾക്കേകാം
പുനർജനിതൻ കാഹളം

രചന : വിഷ്ണു അടൂർ


up
0
dowm

രചിച്ചത്:വിഷ്ണു അടൂർ
തീയതി:12-07-2019 11:25:38 PM
Added by :Vishnu Adoor
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :