ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്
അമ്മയെ തേടിയെൻ മിഴികൾ അലഞ്ഞു
അമ്മിഞ്ഞപാൽ തേടി ചുണ്ട് വരണ്ടു
ഇന്നലെവരയെന്നെ വാരിപുണർനമ്മ
ഇന്നെന്താ എന്നെ മറന്നുവെന്നോ
നൊമ്പരം കൊണ്ടെ മിഴി നിറഞ്ഞു
നോവുമായി കൈകാലടിച്ചും കരഞ്ഞും
അമ്മ എവിടെയോ പോയെന്നറിയാം
അമ്മ വരാതിരിക്കില്ലെന്നും അറിയാം
അകലെ നിന്നൊരു രൂപം കണ്ടു ഞാൻ
അലറി കരഞ്ഞറിയാവുന്ന ഭാഷയിൽ
ആരോ അരികിൽ കൂടെ നടന്നു പോയി
അറിയാത്ത കാഴ്ച്ചകൾ ഏറെ കടന്നു പോയി
ശോകം നിറഞ്ഞു തുളുമ്പുമെൻ മിഴികൾ
ശാപമാം വിശപ്പിനാൽ തളർന്നു മയക്കമായി
വാരിയെടുത്തെന്നെ ആരോ അറിയില്ല
അറിയുന്നു ഇന്ന് ഞാൻ കാലം കഴിയവേ
അമ്മ എന്നെ തെരുവിലെറിഞ്ഞു പോയി
അറിയില്ല അമ്മ എന്തേ വെറുത്തെന്നെ
ആരോ നീട്ടിയ കരുണതൻ കരങ്ങളിൽ
അനാഥമീ ജന്മം പിച്ച വെച്ചീടവെ.
കാണും മുഖങ്ങളിൽ പോകും വഴികളിൽ
തിരയുന്നതിപ്പോളും നിന്നെയല്ലോ.
ജീവിത വീഥിയിൽ എന്നെ തനിച്ചാക്കി
ദൂരത്ത് മാഞ്ഞു മറഞ്ഞിടുമ്പോൾ
കാണാമറയത്ത് കാത്തിരിക്കുന്നു ഞാൻ
മനസിൽ നിറയുന്ന സ്നേഹമോടെ.
രചന : വിഷ്ണു അടൂർ
Not connected : |