ജീവിത യാത്ര
പിറവിതൊട്ടെ തുടങ്ങുന്ന യാത്രകൾ
ആറടി മണ്ണില്‍ ഒടുങ്ങുന്ന യാത്രകൾ
എവിടെ നിന്നറിയില്ല
എവിടേക്കെന്നറിയില്ല
എവിടെ നിന്നോ തുടങ്ങുമീ യാത്രകൾ
അനന്തമാം യാത്രയിൽ
അജഞാത യാത്രയിൽ
വഴി തേടിയലയുന്ന യാത്രികർ നാമെല്ലാം.
ഇവിടെ നാം കാണുന്ന യാത്രികർ എന്തിനോ
തിരയുന്നു എപ്പോഴും പുതുവഴികൾ
പുതിയ വഴികളിൽ പുതുമകൾ കാണുന്നു
പുതിയതാം യാത്രികർ കൂട്ടിനും എത്തുന്നു
പുതുമ ജനിക്കവെ പഴമ മരിക്കവെ
ചിരകാലം എന്നിലെ ഓർമ്മകൾ ആകുന്നു
വഴിയിൽ മരണം പതുങ്ങിയിരിക്കുന്നു
ഈ യാത്ര ഇത്ര ഭയാനകമോ....
യാത്ര അനശ്വരം യാത്രികർ നശ്വരം
യാത്രയിൽ മിച്ചമതൊന്നുമില്ല
യാത്രയിൽ നാമെല്ലാം തേടിയലയുന്ന
ബാഹ്യസുഖങ്ങൾ പഴംകഥയായി
ആറടി മണ്ണിൽ ഒടുങ്ങുന്ന നാൾ വരും
അറിയുകിൽ ജീവിതം അതിമധുരം
കരഞ്ഞു കൊണ്ടേ ജനിക്കുന്ന യാത്രികർ
കരയിച്ചു കൊണ്ടേ മരിക്കുന്ന യാത്രികർ
ജനനവും മരണവും നിറയും സദസ്സിൽ
ജനിമൃതി തേടി അലയുന്നവർ
കഥ അറിയാതെ തേങ്ങുന്നവർ
കാലം കൈവിട്ട കളിപ്പാവകൾ
കാലം വിട ചൊല്ലി മാഞ്ഞു പോകും
കാണുന്ന സ്വപ്നങ്ങൾ മാത്രമാകും
ഓർമ്മകൾ എൻ മിഴി നനച്ചീടുന്നു
ഓർമ്മകൾ മധുരമീ നൊമ്പരങ്ങൾ
ആദ്യമീ വഴിയിൽ പിച്ചവെച്ചീടവേ
കൈ പിടിച്ചീടുവാൻ അമ്മയുണ്ട്
കുഞ്ഞിളം കാലുകൾ തളരാതെ തണലായി
കാത്തു വെയ്ക്കാൻ എന്‍റെ അച്ഛനുണ്ട്
അറിവിന്‍റെ ചിറകുകൾ വീശി പറന്നു ഞാൻ
അകലങ്ങള്ലിലേക്ക് അകന്നു പോയി
കാലം വരം തന്ന കൂട്ടുകാരി നീയും
കാരുണ്യ ഹീനം അകന്നുപോയി
കാലം കടം തന്ന വാർദ്ധക്യമേറി
കാലം കൈ വിട്ട കാരുണ്യം തേടി
അനന്തമാം യാത്ര അജ്ഞാത യാത്ര
അവസാനമറിയാത്ത അവസാന യാത്ര
രചന : വിഷ്ണു അടൂർ
Not connected : |