♥️♠️വേർപാട്♠️♥️ - പ്രണയകവിതകള്‍

♥️♠️വേർപാട്♠️♥️ 


കനക കതിർമണി വിതറുംപോലെ
മഞ്ജുളമായ പുലർകാലേ.
നിന്നെൻ സഖി, നീയെൻ മുന്നിൽ
പട്ടിൽ പൊതിഞ്ഞ വൈരംപോൽ.

ഈറനണിഞ്ഞ നിൻ ചികുരതുമ്പിൽ
നീർമണി താഴെക്കടരുമ്പോൾ
മുത്തുകൾ വിതറി മുന്നിൽവന്നൊരു
ദേവതയോയെൻ ചാരത്ത്.

ചന്ദന കുറിയിൽ ശോഭിതനിടിലം
പാൽപുഞ്ചിരി തൂകിയ നിന്നധരം
നവനീതത്തെ വെല്ലുംമേനിയിൽ
പ്രസാദപൂരിതം നിൻ വദനം.

മകരമാസ പൗർണമി രാവിൽ
മഞ്ഞിൻകണങ്ങൾ പുൽനാമ്പിൽ
ചന്ദ്രികയേറ്റു തിളങ്ങും പോലെ
വാലിട്ടെഴുതിയ നിൻനയനം.

ചൈതന്യത്തിൻ ദേവതയോ, സഖി
നീയെൻ ജീവിത ശാലിനിയോ
ചന്ദനവല്ലിയിൽ തീർത്തൊരുശില്പം
യെൻജായ പദവിയിലലംകൃതമോ?

പിറന്നുവീണൊരു നാളാൽതൊട്ടു
നഷ്ട്ടംപേറിയെൻ വീഥികളിൽ
എന്തിനുവന്നെൻ സഖി നീയെന്നിൽ
വേദന നൽകി മറഞ്ഞീടാൻ.

പല പല വേദനതന്നെൻ പലരും
പാതിയിലെന്നിൽ വിടവാങ്ങി.
ജീവിത വേഷം ആടി തീർക്കാൻ
കൂടെ വന്നതു നീ മാത്രം.

ഒടുവിൽ ദുർഘടവിധിയിൽ നീയും
ദുരിത ചുഴിയിൽപെട്ടപ്പോൾ
അറിയാതെന്നുള്ളൂകരഞ്ഞു നീ-
കടിച്ചമർത്തും വേദനയിൽ.

നാളുകളേറെ കഴിഞ്ഞുപോയി
നീ രോഗശയ്യയിലാണ്ടിട്ട്
മരുന്നും നോവും കുടിച്ചുതീർത്തു
നിൻഭംഗിയിൽ ഭംഗം നടമാടി.

നീർമണിയൂറിയ നിൻ ചികുരങ്ങൾ
വീണ്ടും കാണാൻ കൊതിയായി
ചുവന്നുതുടുത്ത നിൻ കവിളിൻതടം
ഒട്ടിവലിഞ്ഞു വൈകൃതമായ്.

വാലിട്ടെഴുതിയ നിൻനയനങ്ങൾ
കുഴിഞ്ഞു പോയാവദനത്തിൽ
പുഞ്ചിരിചാർത്തിയ നിന്നധരങ്ങൾ
വറ്റി വരണ്ടാവേദനയിൽ.

വേദന യൊടുവിൽ തോറ്റുമടങ്ങി
നിൻ ചേതനയറ്റ ശരീരത്തിൽ
വീണ്ടും വിരഹം പിറവിയെടുത്തെൻ
നഷ്ട്ട ഭാഗ്യ ജീവിത വീഥികളിൽ.

*****ജ്യോതീഷ് പൊന്മള******


up
0
dowm

രചിച്ചത്:Jyotheesh k nair
തീയതി:19-10-2019 02:25:41 AM
Added by :Jyotheesh k nair
വീക്ഷണം:235
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :