അമ്മേ മാപ്പ്
വിന്ഥ്യന്റ മകളേ സുന്ദരഗാത്രീ
ധാത്രിതൻ പുത്രി
ഹരിത പുത്രീ
പശ്ചിമഘട്ട മേ
സൗന്ദര്യ ധാമ മേ
പച്ചപ്പ് വാരി പുതച്ച പെണ്ണേ
വെളളിനൂൽ പാകിയ പുടവയുടത്ത നീ
വെൺമേഘ മേലാപ്പിൽ കുളിരണിയും
വെട്ടിനിരത്തി നിൻ കാനന വസ്ത്രം ഞാൻ
നഗ്നമാക്കി നിന്റെ പുണ്യമേ നി
ഊറിക്കുടിച്ചു നിൻ ജീവരക്തം
തട്ടിയെടുത്തു നിൻ പാനപാത്രം
പച്ചപ്പുടവ വലിച്ചുരിഞ്ഞു
കത്തിച്ചു നിന്റെ കാർകൂന്തലുകൾ
ചെത്തിയെടുത്തു നിൻ മാറിടങ്ങൾ
പിച്ചിപ്പറിച്ചു നിൻ മാദകത്വം
ഭോഗിച്ചു ഞാൻ കാമം തീരുവോളം
മേളിച്ചു ഞാൻ നിന്റെ മേനി മേലെ
കാമാന്ധനായ ഞാൻ കതിന വച്ചു
നിന്റെ ഉടലാകെ പലവട്ടം കതിന വച്ചു.
വെട്ടിമുറിച്ചു ഞാൻ
നിൻ പട്ടുമേനി
വെട്ടിനിരത്തി ഞാൻ
നിൻ വക്ഷസ്സാകെ
വിറ്റു ഞാൻ നിന്നെ പണത്തിനായി
കൂട്ടിക്കൊടുത്തു ഞാൻ
ധനികനാകാൻ
പാലവും നഗരവും കെട്ടിപ്പടുക്കുവാൻ
കുത്തിക്കുഴിച്ചു
നിൻ കബന്ധമാകെ
നെറ്റിത്തടത്തിൽ
കുഴികൾ കുത്തി
ചൂഴ്ന്നെടുത്തു നിന്റെ മിഴികൾ രണ്ടും
അധര പുടങ്ങളെ
വികൃതമാക്കി
കർണ്ണങ്ങൾ രണ്ടും ഞെരിച്ചുടച്ചു
നാഭിയിൽ മണ്ണിട്ടു മൂടിവച്ചു
ഉടലാകെ കീറി മുറിച്ചു
വച്ചു
ധമനികളെല്ലാം മുറിച്ചു മാറ്റി
സിരകളിൽ തടയണ പണിതു വച്ചു
ആസുര വൈക്രിതം
ആടിത്തിമിർത്ത ഞാൻ
സ്നേഹിച്ചതില്ല നിന്നെ സത്യം
മോഹിച്ചതില്ല ഞാൻ
നിന്നെ സത്യം
കാമിച്ചതെല്ലാം നിന്റെ സത്ത്വം
മോഹിച്ച തത്രയും നിന്റെ സത്ത്വം
മാപ്പ് പറയുവാൻ ശക്തനല്ല
ഏറ്റുപറച്ചിലിൽ യുക്തിയില്ല
കലി തുള്ളി നിൽക്കുന്ന അമ്മയോട് ക്ഷമ പറയാനുള്ള ശക്തിയില്ല
രക്തത്തെ രക്തം അറിഞ്ഞതില്ല
നിന്നിലെ എന്നെ ഞാൻ കണ്ടതില്ല
വിന്ഥ്യന്റ മകളേ സുന്ദരഗാത്രീ
ധാത്രിതൻ പുത്രി
ഹരിത പുത്രീ
മാപ്പ് മാപ്പ് മാപ്പ്....
Not connected : |