കോരന് കുമ്പിളിൽ മണ്ണ് മാത്രം - മലയാളകവിതകള്‍

കോരന് കുമ്പിളിൽ മണ്ണ് മാത്രം 

മണ്ണപ്പം ചുട്ടുകളിക്കേണ്ടും
കുഞ്ഞുങ്ങൾ മണ്ണ് അപ്പമാക്കി പശി അടക്കി.
മണ്ണിന്റെ മണമുള്ള രാഷ്ടീയ മേലാളർ
മന്നരായ് നാടുഭരിച്ചിടുന്നു
കോട്ടിട്ട് സ്യൂട്ടിട്ട് അത്തറു പൂശീട്ട് മാനവ സേവ പഠിച്ചെടുക്കാൻ
മറുകര തോറും അലയുന്നവർ
മറുകര തേടി
അലയുന്നവർ
തൂവെള്ള ഖദറിട്ട്
കൊടി വച്ച കാറിൽ
ശീതികരണത്തിൻ കുളിരിൽ മയങ്ങുന്ന രാഷ്ട്രീയ തൊഴിലാളി കോമരങ്ങൾ.

അരികത്തെ
അയലത്തെ
ജീവിതത്തെ
കണ്ണുതുറന്ന്
ഒന്ന് നോക്കൂ
മദ്യപിച്ചെത്തുന്ന പൗരുഷത്തിൻ
ഭോഗവസ്തുമാത്രമാകും അമ്മയെ
ആ സ്ത്രീയെ
ഒന്നു കാണൂ.

ഓട തന്നോരത്ത്
പാത വക്കിൽ,
പാതി മറച്ച തകരക്കൂട്ടിൽ
തല ചായ്ക്കും
മനുഷ്യജന്മങ്ങൾ
അതിരുകളില്ലാത്ത ലോകത്ത്
അരികുകളിൽ ജീവിക്കും
ജീവിതങ്ങൾ

ഭരണ സിരാകേന്ദ്ര
മൂക്കിനുതാഴെ
കണ്ണെത്തും മണ്ണിൽ
നോട്ടമെത്താതെ
വോട്ടില്ലാ ജന്മങ്ങൾ
ആധാര ലിഖിത രേഖയില്ല
കൊടിയുടെ നിറമില്ല തണലില്ല
ജാതി മത സംരക്ഷയില്ല
ചൂണ്ടുവിരലിൽ മഷി പുരട്ടാൻ
കുഞ്ഞുങ്ങൾ പതിനെട്ട് തികഞ്ഞതല്ല


ഒരു തെറ്റും ചെയ്യാതെ പിറവി എടുക്കുന്ന പൈതലുകൾ.
വകുപ്പുകൾ പലതുണ്ട്
കണ്ണില്ലേ നിങ്ങൾക്ക്
തിമിരമോ നിങ്ങൾക്ക്
കണ്ടിട്ടും കാണാതെ പോകുന്നതോ..
സ്ത്രീ സമത്വവും നവോസ്ഥാനവും വാഴും നാട്ടിൽ
മാറ്റം പുറംമോടിയിൽ മാത്രമാണോ
അതിവേഗം ബഹുദൂരം
എല്ലാം ശരിയാക്കും
ഭരണ പ്രതിപക്ഷ കക്ഷികളേ
പഞ്ചനക്ഷത്ര സൗകര്യം നുകരുവാൻ പായുന്ന
പുത്തൻ തലമുറ ജന്മങ്ങളെ
നിങ്ങളറിയുക കോരന് കുമ്പിളിൽ കഞ്ഞിയില്ല
ഉള്ളത് ഒരു പിടി മണ്ണ് മാത്രം.


up
0
dowm

രചിച്ചത്:
തീയതി:05-12-2019 03:07:43 PM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :