നളപാചകം - ഇതരഎഴുത്തുകള്‍

നളപാചകം 

നെല്ലിക്ക നെല്ലിക്കയെന്നു കേട്ടാൽ വായിൽ
വെള്ളം നിറയാത്തോരാരുണ്ടാകാം ?
ഉപ്പുകല്ലും കൂട്ടി വായിലിട്ടാൽ താനെ
മുഞ്ഞി ചുളിക്കാത്തോരാരുണ്ടാകും ?

ആദ്യം പുളിക്കുന്നോരാമലകം പിന്നെ
വെള്ളം കുടിച്ചാൽ മധുരമാകും
നിത്യം ഭുജിക്കുവോർക്കെല്ലാപേര്ക്കും
ബുദ്ധിപ്രകാശം ലഭിച്ചിടുന്നൂ

കയ്പ്പാണതിന്റെ രസമെന്നാലും പിടിച്ച-
ച്ചാറിലിട്ടാൽ രുചിയായിടും
നന്നായരച്ചു രസമാക്കിയാലാരും
മുന്നാഴിച്ചോറിനില വിരിക്കും

ജ്യൂസാക്കിയെന്നാലോ ദാഹമാറ്റാം തളം
വെച്ചാൽ ശമിക്കും കൊടുമ്പിരാന്തും
ചമ്മന്തിയാക്കാനതിലെളുപ്പം അതിൻ
കൂട്ടൊന്നു ചൊല്ലിത്തരുന്നിവിടെ.

ആമലകങ്ങളഞ്ചാറുവേണം കുരു
നീക്കിക്കഴുകിത്തയാറാക്കണം
നന്നായ് ചിരകിയ നാളീകേരം ഒരു
പാതിയതിനൊപ്പം കാന്താരിയും

പത്തുപന്ത്രണ്ടെണ്ണം ചേർത്തുകൊള്ളൂ പിന്നെ
നാവെരിഞ്ഞാൽ കുറ്റം ചൊല്ലിടേണ്ടാ
നന്നാക്കിവെച്ച ചുവന്നുള്ളിയും ഒരു
കൈക്കുള്ളളവിലെടുത്തുവെക്കൂ

വെള്ളുള്ളി പഥ്യമാണെങ്കിലതും ഒരു
രണ്ടല്ലി കൂട്ടത്തിൽ ചേർത്തുവെക്കാം.
നന്നായ്ക്കഴുകിയ കറിവേപ്പില രണ്ടു
മൂന്ന് കതിർപ്പുകൾ ചേർത്തിടേണം

ഇഞ്ചിയൊരിഞ്ചുനീളത്തിലാകാം ഉപ്പു
പാകത്തിൽ ചേർത്തിട്ടരച്ചെടുക്കാം
അമ്മീലരച്ചാൽ രുചിപെരുക്കും തുള്ളി
വെള്ളവും ചേർക്കാതരച്ചെടുക്കൂ

തുമ്പപ്പൂച്ചോറിൽ ഇളക്കിയെന്നാൽ നാവിൽ
കപ്പലോടിക്കാൻ ജലം നിറയും
വാരിവലിച്ചു കഴിച്ചുവെന്നാൽ പിന്നെ
കേറിക്കിടന്നങ്ങുറങ്ങിടാമേ.


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:16-03-2020 02:29:11 PM
Added by :C K Sudarsana Kumar
വീക്ഷണം:13
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :