ഭാര്യയുടെ വിരഹകവിതയും പ്രവാസിയുടെ മറുപടിയും
എന്നാലിനിയൊരു കാര്യം പറയാം
വിരഹം കണ്ടു മടുത്തൂ ഞാനും
നിന്നെ ഇനിയും നോവിക്കില്ല
നാളെത്തന്നെ രാജികൊടുക്കാം
കാൽ നൂറ്റാണ്ടിനു മുന്നേ നമ്മൾ
കണ്ട ദിനങ്ങൾ പ്രണയ ദിനങ്ങൾ
അതുപോലിനിയും കഴിയാനാണ്
നിന്നുടെയാഗ്രഹമറിയുന്നൂ ഞാൻ
വിരഹം വിഴിയും നിന്നുടെ കവിത
വരികൾക്കിടയിൽ വായിക്കുമ്പോൾ
ഹൃദയത്തിൽ ചില മുള്ളുകൾ കൊള്ളും
വേദനകൊണ്ടു പുളഞ്ഞേ പോകും
മക്കൾക്കായി ഫീസുകൊടുക്കാൻ
വീടിന് കാറിനു തവണയടയ്ക്കാൻ
നിങ്ങൾക്കെന്നും മാമുണ്ണാനും
മാർഗ്ഗം കണ്ടുപിടിക്കുക വേഗം
ഇനിയും നിന്നുടെ വേദന കാണാൻ
മനസ്സിന് തെല്ലും ശക്തിയുമില്ല
ഒരുമാസത്തെ ക്ഷമ കാട്ടേണം
അപ്പോൾ ഞാനങ്ങെത്തിക്കോളാം
******** ***** ******
വാട്സാപ്പിൽ ഞാൻ മറുപടി നൽകി
നിമിഷം പത്തു കഴിഞ്ഞത് പാറേ
കിണുകിണയെന്നെൻ ഫോണ് ചിലച്ചൂ
നോക്കുന്നേരം മറുപടിയെത്തി
ജോലി കളഞ്ഞേച്ചിങ്ങോട്ടെങ്ങാൻ
പോരാനാണിനി ഭാവമതെങ്കിൽ
ഞാനും കുട്ട്യോളും കൂടാറ്റിൽ
ചാടി മരിക്യേ ഗതിയുണ്ടാകൂ
ഇനിയും ഒരഞ്ചാറാണ്ടുകൾ കൂടി
അവിടെങ്ങാനും നിന്നില്ലെങ്കിൽ
കുട്ടികൾ വീട്ടിൽ കുത്തിയിരിക്കും
വീടിനു ബാങ്കുകൾ പൂട്ടുമിടീക്കും
നിർത്തീ ഞാനിനി എഴുതുകയില്ല
കവിതകളൊന്നും ജീവിതകാലം
ദുരിതക്കുഴിയിൽ വീണാലെങ്ങനെ
കവിത രചിക്കയ്ക്കാൻ കഴിവുണ്ടാവുക??
Not connected : |