പകലിൻ പൂമുഖത്ത്
പകലിൻ പൂമുഖത്ത്
ഈ പകലിൻ പൂമുഖത്തു,
ഒരു കടലാസു തുണ്ടായി,
ഞാൻ പറക്കുകയാണ്..
പാറി പാറി നടക്കുകയാണ്..
ആരോ ഉപേക്ഷിച്ച ഒരു
കടലാസ് തുണ്ടിന്റെ..
മറ്റാരോ കീറിമുറിച്ചൊത്തിരി
കഷണങ്ങളാക്കിയതിൽ നിന്നൊരു
തുണ്ടു കഷണം ഞാൻ....
വരികളില്ലാതെ, വരകളില്ലാതെ,
വാനിലെ ചന്ദ്രക്കലയും, ചുറ്റിലെ
നക്ഷത്രങ്ങളും, പിന്നെയാ
മലകളും, പാറും പക്ഷികളും,
ആകാശനീലിമയും, നിശ്ചലമാ
മരങ്ങളും വരക്കാതെ....
എന്തിനോ ഉപേക്ഷിച്ചു, കീറിമുറിച്ചു
പിന്നെ വാനിൽ പറത്തി...
നിലയില്ലാ കയത്തിലെന്നപോൽ,
കാറ്റിന്റെ വിശാലമാം മാറിൽ,
കൈകാലിട്ടടിച്ചും, ശ്വാസമടക്കി പിടിച്ചും,
ഇടയ്ക്കു ഭൂമിയിൽ പതിച്ചും, പിന്നെ
വീണ്ടും വാനിൽ പറന്നും...
ഞാൻ ഈ കൊച്ചുകടലാസുതുണ്ട്,
ഈ ഉലകിന്നോരുകോണിൽ
ഉഴറുകയാണ്..ഇന്നും അലയുകയാണ്..
ആകാംക്ഷയൂറുമൊരു നിമിഷത്തിൽ
ചുറ്റിലുമോടിച്ച കൺകളിൽ കണ്ടത്
കൂടെ പറക്കും മൺ തരികളെ, പിന്നെ
ഇലകൾ, ചിലതതിൽ പച്ച,
പിന്നെ പഴുത്തവയുമുണക്കയും
എല്ലാം പറക്കയാണ്, ഞാനും..
നിശ്ചയമായെനിക്കിപ്പോൾ, അതേ
നിശ്ചലമില്ലയൊന്നുമേ ചുറ്റിലും..
ഒരു ഇട നേരം കൺചിമ്മി നോക്കി ഞാൻ,
തൊട്ടകലെയായൊരപ്പൂപ്പൻ താടി മാത്രം
രസിച്ചുല്ലസിച്ചു പാറിടുന്നു ചുറ്റും...
ഏതോ ഒരന്വേഷണത്തിൻ ആകാംക്ഷയിൽ
പാറി ഉല്ലസിച്ചീടുന്നു, പിന്നെ
തൻ കർത്തവ്യനിരതമാം നിമിഷങ്ങൾ
നിർന്നിമേഷത്തോടെ നിറവേറ്റിടുന്നു..
തൻ പിൻതലമുറ ചെയ്തതും,
തനിക്കുപദേശിച്ചതും, കൊച്ചിലേ
കണ്ടു കൊതിച്ചു ചെയ്യുവാൻ ഊഴം
കാത്തിരുന്നതുമായ കർത്തവ്യം!
ഇറുകെ പിടിച്ചു കാത്തുസൂക്ഷിച്ചു,
തൻ താടികൾ കൊണ്ട് തലോടി,
സ്നേഹിച്ചു, താരാട്ടിൻ ഈണത്തിൽ
ഊഞ്ഞാലിലാടിച്ചു..പൊട്ടിചിരിപ്പിച്ചു..
ഇനിയേത് നിമിഷവും പെയ്യുമാ
മഴയുടെ സ്പർശം തൻ അന്ത്യമെന്നാകിലും..
ആ കൊച്ചു വിത്തിനെ, ജീവന്റെ
അംശമായുള്ളയൊരു ജീവനെ
ഒരിക്കൽ മരത്തിൻ കാതലായ്
വളരേണ്ടയാ കൊച്ചു വിത്തിനെ..
ഈ ഭൂമിയുടെ മടിത്തട്ടിൽ മനം
നിറഞ്ഞു നിക്ഷേപിക്കുന്നു...
എൻ മനം കുളിരുന്നു…ഓർക്കവേ..ആ കാഴ്ച,
"ഒരിക്കലും കാണുവാനാകില്ലെന്നറികിലും"
ആ സ്നേഹവിത്തിൽ കിളിർക്കും പുതു
ജീവൻ തുടിക്കും പച്ചിലകളും തണ്ടും
പിന്നെയാവർത്തിക്കും ആ ജീവനകഥയും...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|