പാഹി ! - തത്ത്വചിന്തകവിതകള്‍

പാഹി ! 

എന്റെ ഭ്രാന്തുകൾക്കിന്ന്
നമ്മുടെ ശാസ്ത്രത്തോളം പഴക്കമുണ്ട്.
രാവും പകലും
ചോദ്യങ്ങളായപ്പോൾ
സൂര്യനും നക്ഷത്രങ്ങളും
ഉത്തരങ്ങളായപ്പോൾ
അവർ
ഉറക്കഗുളികകൾ തന്നൊരെൻ വെളിപാടുകളെ തുടച്ചു നീക്കി.
തേച്ചു മിനുക്കിയ കയർ കഴുത്തിൽ കെട്ടി ദൂരഭാഷിണിയിലൂടെ ഒരു നായയെപ്പോലെ എന്നെ ചുറ്റിത്തിരിച്ചു.
മൃതിയുടെ നിദ്രാടനങ്ങളിൽ,
മിഴാവും തിമിലയും പോരു കോർക്കുമ്പോൾ
രക്തം തളിച്ചെന്റ
ദേഹം അംശിക്കുവാൻ
കറുത്താട കെട്ടിയവർ
ആർത്തി മൂത്ത് വിറളി പൂണ്ടു.
അവരുടെ ആരാധനാമൂർത്തികൾക്ക്,
ഞാനെൻ തലച്ചോറ് ബലി നൽകണമത്രേ,
ഞാനതു ചെയ്തില്ല.
അവരെന്റെ കുഞ്ഞിന്
ജനിക്കും മുമ്പെ വേദമൂട്ടി.
മരിക്കും മുമ്പെ കുഴി വെട്ടി.
ഇപ്പോൾ എന്റെ മസ്തകത്തിനകത്തെ
ചോരച്ചേറിൽ
തിളങ്ങുന്ന നിലവർണ്ണ തിരമാലകൾ അലതല്ലിയടക്കുന്നു.
പിന്നീടെങ്ങും ഒഴുകുന്ന വർണ്ണങ്ങൾ, ഒലിക്കുന്ന നിറങ്ങൾ,,
പുൽമേട്ടിലെ പച്ചയൊഴുകുന്നു.
കരിനീലരാവിലെ പീതനക്ഷത്രങ്ങൾ തുള്ളി വീഴുന്നു.
കൈതണ്ടയിലെ ചോര തിളച്ചുപൊങ്ങുന്നു.
ലോകം പാതി മറന്ന ഞാൻ
എന്നെ മൊത്തമായി നിന്ദിച്ചു
എനിക്കുറങ്ങാൻ അവർ
വിലയേറിയ ശവമഞ്ചം സമ്മാനിച്ചു.

കാവുകൾ പൂക്കുന്നുണ്ട്.
പക്ഷെ ശരിയായ പൂക്കളാണോ?
പുഴയൊഴുകുന്നുണ്ട്.
ജലമില്ലല്ലോ?
പുതുമയില്ലാത്ത മുറിവുകൾ, തഴമ്പുകൾ..

സഖീ..
ഇതു നിനക്കുള്ള മുന്നറിയിപ്പ്.
സൂര്യസ്നാനം ചെയ്തു വരിച്ച ഈ ഗോളശിലയിലെ ജ്യോതിസ്സ്, ഈ പകലുകൾ, വെളിച്ചങ്ങൾ,
ദുർനടപ്പുക്കാരായിരുന്ന നമ്മുടെ പൂർവ്വ ഗോത്രങ്ങളിലെ ഭൂതത്താൻമാരുടെ ചപലമായ നിഴലുകൾ മാത്രം, ഈ പകലുകളെ വിശ്വസിക്കാതിരിക്കൂ...

ഇവിടെയോ?
ഈർപ്പമുള്ള, നേർത്ത തണുത്ത കാറ്റുള്ള,
നിലാവുദിക്കുന്ന, താരകൾ മിഴിവുറ്റി നോക്കുന്ന ഇരുട്ടുണ്ട്,
ഇതാണ് സത്യം,
ഈ പഞ്ചഭുജകിടങ്ങാണ് ഇന്ന് എന്റെ
പരമമായ സ്വാതന്ത്ര്യം,
വരൂ, നിനക്ക് ഞാൻ വായുവിന്റെ അതിരുകൾ കാണിച്ചുത്തരാം.,,
ഭൂമിയുടെ ആഴം അളന്നു തരാം..
അഗ്നിയുടെ ഉത്ഭവവും
ജലത്തിന്റെ മാധുര്യവുo
ആകാശത്തിലെ രഹസ്യങ്ങളും ഊതിത്തരാം...

ഡാനി.


up
0
dowm

രചിച്ചത്:
തീയതി:17-04-2020 01:50:21 PM
Added by :Supertramp
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :