ജലസമാധി - മലയാളകവിതകള്‍

ജലസമാധി 

കാടിറങ്ങിയന്നൊരിയ്ക്കൽ നീ
വിശപ്പിനുള്ള വകതേടി
മനുഷ്യർ വലിച്ചെറിഞ്ഞീടു-
മെച്ചിലിന്നൊരു പങ്കുപറ്റാൻ

പ്രാണൻറെ ചെറുതുടിപ്പൊന്ന്
നീയുദരത്തിൽ തൊട്ടിലാട്ടി
ഉള്ളിലാശയും പശിയുമാ-
യിട്ടൊരന്യമാം നാട്ടിലെത്തി

ദൂരെയങ്ങാളുകൾ,വീടുകൾ,
വഴിത്താര,യാഹ്‌ളാദചിത്തരാം
കന്നുകാലിക,ളെങ്ങുമമ്പലം,
പള്ളി,യീനാട് ദൈവത്തിൻ സ്വന്തം!

ഉദരത്തിൽ മയങ്ങുമുണ്ണി-
യോടോതി,യീശ്വരസൃഷ്ടിയി-
ലുത്തമൻ മർത്യന്റെ നാടിതു
കാൺക,നന്മ പുലരുന്നിടം

പുഴ,മല,മൃഗമതെല്ലാം
മർത്യനു ദൈവ,മവൻ ഗജ-
വംശത്തേയും ഗണപതിയെ-
ന്നൊരു പേരിട്ടാരാധിച്ചിടും

മർത്യഗുണങ്ങൾ ചൊല്ലിനട,-
ന്നൊരു കൈതപ്പഴ,മതി
മധുരിത ദൃശ്യം കണ്ടവൾ
വേഗം തുമ്പിക്കൈയ്യിലൊതുക്കി

ആർത്തിയൊടവളത് വായിൽ
വെച്ചതുമുച്ചലശബ്ദത്തോ-
ടൊരു സ്ഫോടന,മറ്റുതെറിച്ചു
തുമ്പിക്കര,മാകാഴ്ചയസഹ്യം

മിണ്ടാപ്രാണിയോടച്ചതി കാ-
ട്ടീട്ടൊടിമറഞ്ഞാ ദുഷ്ടരോ-
ടാകുലമലറി,ശങ്കയോ-
ടോതി,യിവർ നരനോ പിശാചോ!

രക്തം വാർന്നു പിടഞ്ഞവൾ നാടു
നടുങ്ങുമാറാർത്തു കരഞ്ഞു
മേനി പിളർക്കും വേദന,യെ-
ങ്കിലുമാരോടുമിടയാതെ

ഉടഞ്ഞ ഗണപതിബിംബം
കണക്കുടഞ്ഞ മസ്തകമോടെ
ഉടലിൻ നീറ്റലതാറ്റാന-
വളൊരു പുഴയിലിറങ്ങി

ചോരയൊലിയ്ക്കും നെറ്റിയവ-
ളാപുഴതൻ മാറിലൊതുക്കി
തേങ്ങി,പട്ടിണിയോടെ പൊലിയു-
മുള്ളിലെയോമന തൻജീവൻ

അണയും മുൻപേ പരിദാഹം
പൂണ്ടോതി 'പൊറുക്കുക കുഞ്ഞേ
പിഴച്ചതെനിയ്ക്ക്, പിറക്കില്ല
നീ, മന്നിതിൽ നിന്നുടെ ഭാഗ്യം!

ദുഷ്ടിൻ കച്ചവടപ്പേരാമീ
'ദൈവത്തിൻ നാട്ടി'ലിരു ജീവൻ
ജലസമാധിയിൽ കൺപൂട്ടി
നന്മയെഴും പരലോകം പൂകാൻ


up
0
dowm

രചിച്ചത്:ബിനോജ് നായർ
തീയതി:05-06-2020 06:32:52 AM
Added by :Binoj
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :