പൂക്കളോട് - മലയാളകവിതകള്‍

പൂക്കളോട് 

നീയാണ് ഡാഫോഡിലും, ലില്ലിയും,
സൂര്യകാന്തിയും നീതന്നെ
നീയാണ് സുന്ദരസൗരഭ്യവും, പിന്നെ-
യെന്‍സഖിതന്‍ പുലര്‍കാലസ്വപ്നവും

വസന്തം നൊന്തുപെറ്റ സൗഗന്ധികങ്ങളെ,
ഇളം പനിനീരിതളെ, പൂമുല്ല മലരേ
സ്നേഹിചിടുന്നുഞാന്‍
ഭൂവിന്മക്കളാം നിങ്ങളെ

കമിതാക്കള്‍തന്‍ സ്വപ്നവും,
കവിഭാവനയും നിങ്ങള്‍.
ഏകിയതാരിത്രനറുമണം
ചാലിച്ചെഴുതിയപുതുവര്‍ണം

നിങ്ങളെയോര്‍ക്കുമ്പോളീലോകം
വിസ്മരിക്കുന്നുഞാന്‍,
അല്ല! പൂക്കളേ, ആ സൗന്ദര്യരഹസ്യം
ഞാനറിയാന്‍തുടങ്ങുന്നു.

നിങ്ങളെ തഴുകിമറയുന്ന കാറ്റ്
ചിലവൈകുന്നെരങ്ങളില്‍ എന്നടുത്തെത്തി
പ്രിയമാംരഹസ്യംമോതാതെ
നാണമോടോഴുകിയകന്നുപോയ്

നിങ്ങളെയെന്നും ചുംബിച്ചകന്നുപോം
മധുപതതികളോടുംഞാന്‍ തിരഞ്ഞു,
ഞാനലോസരപ്പെടുത്തിയതാവാമവയുമാ
കാറ്റ്പോല്‍മൂളി പറന്നുപോയ്

മാതാവാംമാതൃസസ്യത്തിനോടും
ഞാന്‍ തിരഞ്ഞു; പക്ഷെ
അമ്മതന്നമ്മയാം വസന്തത്തിനായ്‌
ഞാന്‍ കാത്തിരുന്നു

മക്കളാംമധുഫലങ്ങലോടുംചോദിച്ചു
അവരമ്മയെകണ്ടിട്ടില്ലെന്നു വാദിച്ചു,
ഞാനെന്തുചെയ്യുമെന്നറിയാതെ
വസന്തം വരാനായ്‌ കാത്തിരുന്നു

അല്ലയോ പൂക്കളേ! നിങ്ങളാരെ സ്നേഹിക്കുന്നു?
പൂമ്പാറ്റയെയോ?, വണ്ടിനെയോ?
അതോ ഇളം കാറ്റിനെയോ?, അമ്മയാം
വസന്തകാലത്തെയോ?

താമരപ്പൂക്കള്‍ സൂര്യനെയോ?
വെള്ളാംമ്പലുകള്‍ ചന്ദ്രനേയോ?
നീലക്കുറിഞ്ഞികള്‍ മഞ്ഞിനെയോ?, അതോ
മലകളെയോ?, ആകാശത്തെയോ?

വൈകാതെ വസന്തം വന്നണഞ്ഞു
ജിഞാസ്സുവായ്‌ഞാന്‍ തിരഞ്ഞു
പ്രകൃതിയാണഛനെന്നവള്‍പറഞ്ഞു;
ഞാനതിനന്തരാത്മാവിനെ തിരഞ്ഞു

വസന്തസുഗന്ധത്തില്‍ മതിമരന്നിരിക്കുമാ
ഹൃദയത്തില്‍ചോദ്യക്കുറിതൊട്ടുഞാന്‍,
പ്രകൃതിപറഞ്ഞു " അത് ഞാനിന്നു മറന്നു,
ഈ വസന്തമെന്നെയുന്‍മത്തനാക്കുന്നു "

ദുഖാര്‍ത്തനായ്‌ മണ്ണിലിറങ്ങി
ഏറെനേരമുലാത്തിനടന്നുകുഴഞ്ഞുഞാന്‍
മുറ്റത്തെപഞ്ചാരമണലിലിരിക്കവെ,
" മണ്ണിനറിയാമോ? " ഞാനോര്‍ത്തു.

ഈ മണ്ണ് എത്രഭാഗ്യവാന്‍
വസന്തത്തിന്‍ മക്കളെമുഴുവന്‍
മാറോടുചേര്‍ത്തന്തിയുറക്കുന്നു
തന്നില്‍ലയിപ്പിച്ചരികത്തണയ്ക്കുന്നു.

പൂക്കള്‍ സ്നേഹിച്ചത് മണ്ണിനെയായിരുന്നുവോ?
ഒരു പക്ഷെ ഞാനൂഹിച്ചതാവാം,
എത്രകോടിമലരുകളാണ്
മണ്ണിന്‍മാറില്‍ തലചായ്ച്ചുറങ്ങുന്നത്

നാളെ ഞാനുമൊരുകൂന മണലായ്മാറും
ബന്ധുക്കളെന്‍റെ കുഴിമാടത്തില്‍
ചെടികള്‍ വളര്‍ത്തും, അതില്‍ പൂവിരിയും
വൈകാതവരെന്നില്‍ ലയിച്ചുചേരും

അതുകൊണ്ട് ഞാനേറെ സ്നേഹിക്കുന്ന
ഡാഫോഡിലും, ലില്ലിയും, സൂര്യകാന്തിയും
എന്‍റെയരുകില്‍ നട്ടുനനയ്ക്കണമെന്ന്
അവരോടു നേരത്തെതന്നെ പറഞ്ഞുവയ്ക്കും


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:25-11-2012 09:52:45 AM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :