എന്റെ കൂട്ടിലെ കുഞ്ഞുപുഴ
പണ്ട് ഞാൻ പ്ലാസ്റ്റിക് കൂടിൽ
കോരിയൊളിപ്പിക്കാറുണ്ടായിരുന്നു
പ്രീയമുള്ളൊരെൻ കുഞ്ഞുപുഴയെ
പണ്ട് എൻ്റെ തോർത്തു മുണ്ടിൽ
ഒരു മീനിനെ തന്നിട്ട് ഊർന്നു
പോകാറുണ്ടായിരുന്നു ആ പുഴ
വേനലിൽ ഞാനുണ്ടാക്കിയ
കുഞ്ഞു കുഴികളിൽ തെളിനീരായ്
സ്നാനജലം തന്നിരുന്നു ഒരു പുഴ
ചില മഹാശ്രൃംഖങ്ങളിൽ നിന്നും
താഴേയ്ക്ക് പതഞ്ഞു വന്ന്
കവിതയുടെ വരികളാകുമായിരുന്നു പുഴ
മഴയിലെ മേഘമൽഹാറിൽ ഞാനും
ഗായകനാകുമായിരുന്നു
പുഴ ഓടിയിറങ്ങിയ മഹാശിലയാണ്
അണക്കെട്ടായ് അവളെ
തടഞ്ഞു നിർത്തിയിരിക്കുന്നത്
തടവറയിലെ അളവുകോണികളിൽ
ജലനിരപ്പുയരുന്നതുംകാത്തിരിക്കുകയാണ് അവൾ
വാതിലുകൾ തുറന്ന് പുറത്തേക്കൊഴുകി
മഹാജനപഥങ്ങൾക്ക്
അമൃതവാഹിനിയാകണം
പുളിനങ്ങളിൽ നിന്നും പുളിനങ്ങളിലേക്ക്
ഒരു യാത്ര പോകണം
കാത്തിരുന്ന പൂക്കളെ ഒപ്പം കൂട്ടണം
നിലാവിന്റെ രജതരേഖകളിൽ
കുറിയിട്ട് വരമന്ദഹാസവുമായ്
കാൽച്ചിലമ്പു കിലുക്കിയൊഴുകണം
മോഹങ്ങളാണെങ്കിലും പ്രീയകാമുകാ
മഹാമേഘവർഷരാജകുമാരാ
നിറഞ്ഞുപെയ്യും ഹസ്തശിഖരങ്ങളിൽ
അമർന്നു കിടന്ന് കടലാകുവാൻ മോഹം
കവിത എഴുതിയത് - ജയരാജ് മറവൂർ
Not connected : |