മഴക്കാഴ്ചകൾ - മലയാളകവിതകള്‍

മഴക്കാഴ്ചകൾ 


മുടിയിഴകൾ ഇല്ലാത്ത
നെറുകയുടെ പാതിയിൽ
കുളിരിന്റെ കവിത ചൊല്ലിയൊ-
രിറ്റായി വീണു മഴത്തുള്ളി.
തണുത്ത് വിറങ്ങലിച്ച്
കൈവിരലുകൾ കൂട്ടിപ്പിടിച്ച്
കുലുങ്ങി കൊണ്ടിരിക്കുന്ന
ശരീരത്തെ ഒന്നാകെ
ആ കണികകൾ
കുടഞ്ഞു വിട്ടു.
നനവാർന്ന പച്ചപ്പരവതാനിയിൽ
തളിരിട്ടു നിവർന്നുനിൽക്കുന്ന
പുൽക്കൊടിയിൽ തങ്ങി
വൃത്താകൃതി പൂണ്ട്
കണ്ണാടി പോലെ തിളങ്ങി നിൽക്കുന്ന മഴത്തുള്ളികളിലൊന്നിൽ,
പാദമമർന്നപ്പോൾ...
മുകളിലേക്ക് വ്യാപിച്ച
തണുപ്പിന്റെ സ്നേഹത്തലോടൽ.
മഴ നനഞ്ഞ്, മഴയിൽ അലിഞ്ഞ്
മഴയോട് ചേർന്ന് മദിച്ച ബാല്യം.
മഴയെ വാരിപ്പുണർന്നു
ചെളിയായി മാറിയ മണലുകൾ
കൈകുമ്പിളിൽ ചേർത്തെടുത്ത്
പത്തിരി ചുട്ടെടുത്ത കാലം.
ചാറ്റൽ മഴയോട് ചേർന്ന് നിന്ന്
തൊട്ടുരുമ്മി നനഞ്ഞ്
ഈറനണിഞ്ഞ്,
മഴ കാഴ്ചകൾ കണ്ടു
മിഴി നിറഞ്ഞു
മനം കുളിർത്ത കാലം.
മഴയെ പ്രണയിച്ച്
മഴയോട് മിണ്ടി പറഞ്ഞ്
അനുരാഗമായി പെയ്തിറങ്ങുന്ന
മഴത്തുള്ളികൾ പറയുന്ന
മഴയുടെത് മാത്രമായ
മനം നിറയുന്ന കഥകൾ.
നീ തെളിഞ്ഞു താളക്രമത്തിൽ
സംഗീത സാന്ദ്രമായി
സാവകാശം പെയ്തിറങ്ങുന്ന
രാവുകളും വൈകുന്നേരങ്ങളും മാത്രമാണെനിക്കെപ്പോഴും
ഉറ്റതും അഴകായതും...


up
0
dowm

രചിച്ചത്:അബു വാഫി, പാലത്തുങ്കര
തീയതി:21-10-2021 01:25:27 PM
Added by :Abu Wafi Palathumkara
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :