മരണത്തിന്റെ തലേദിവസം
മരണത്തിന്റെ തലേദിവസം
നല്ലമഴയുള്ളരാത്രിയിലാണ് അച്ഛൻ മരിച്ചത്
ആരുടേയും കണ്ണീരില്ലാതെ
അച്ഛൻ അനാഥനായി കിടന്നു
അച്ഛൻ അധികം സംസാരിക്കില്ല
രാവിലേ തയ്യാറാവും
ഉറുമ്പുതിന്ന തുളയുള്ള ബനിയനിടും
അതിനും മേലേ ബട്ടൺ പൊട്ടിയ ഉടുപ്പിടും
അയഞ്ഞ് നിറംമങ്ങിയ ക്ളാവു പിടിച്ച
പഴയ സ്റ്റീൽവാച്ച് എടുത്തു ധരിക്കും
പഴയ പാരഗൺ ചെരുപ്പ് തുന്നി എടുക്കും
ജോലിയ്ക്ക് പോകുന്നതിനു പിറകേ പ്രാക്കുകൾ
വൈകിട്ട് കാലൻ എത്ര കാലിലാണോ വരുന്നത്
എന്തു കേട്ടലും അച്ഛന് മൌനമാണത്തരം
അച്ഛനെ എല്ലാവരും
എന്തിനാണിങ്ങനെ ശപിക്കുന്നത്
കുഴിഞ്ഞ കണ്ണുകളിൽ നരച്ചതാടികളിൽ
അച്ഛന്റെ ബീഡിയെരിഞ്ഞു കൊണ്ടേയിരുന്നു
അച്ഛൻ സംസാരിക്കാറേയില്ല
എന്തിനും ഇരുത്തി മൂളിക്കൊണ്ടേയിരിക്കും
അച്ഛൻ വരുമ്പോൾ എല്ലാവരും
ഉറങ്ങിയിട്ടുണ്ടാവും
പോക്കറ്റ് നിറയെ കാശുണ്ടാവും
ചിലപ്പോൾ ബീഡിവലിച്ച് ചെമ്പിച്ച മീശയിൽ
ഒരു ചെറു മന്ദഹാസം തെളിയും
മരണത്തിന്റെ തലേദിവസവും
അച്ഛൻ നനഞ്ഞാണ് വന്നത്
ആരും സ്നേഹിക്കുന്നത് അച്ഛനിഷ്ടമല്ല
ചൂടുകഞ്ഞി കോരിക്കുടിച്ചപ്പോൾ
അച്ഛൻ പതിയേ ചിരിച്ചു
ഒരിക്കലും കാണാത്ത ചിരി
എന്തിനാ മോളേ നീ മാത്രം
എനിക്കു വേണ്ടി ഉണർന്നിരിക്കുന്നത്
അചി്ഛനോടൊരുകാര്യം
ചോദിക്കണമെന്നുണ്ടായിരുന്നു
പക്ഷേ ചോദിക്കാൻ പറ്റിയില്ല
മരിക്കുന്നതിന് മുൻപ് അച്ഛന്
എന്നോടൊരു കടമുണ്ടായിരുന്നു
എന്റെ ട്യൂഷൻഫീസിന്റെ കടം
കവിത-ജയരാജ് മറവൂർ
Not connected : |