സിംപിൾ പെൻഡുലം
സിംപിൾ പെൻഡുലം (കവിത)
കാമ്പസിലൂടോടിപ്പോയൊരു
ദരിദ്രന്റെ തീവണ്ടിയുണ്ട്
അതിലനാഥക്കാഴ്ചകൾ
ചോദ്യപ്പേപ്പറിൻ കബന്ധം
ഉത്തരങ്ങളെഴുതാതെ
മണിയടിച്ചുപിരിഞ്ഞ സമയം
മിടുക്കന്മാരും മിടുക്കികളും
ഹർഷോന്മാദപുളകിതരായ്
പരസ്പരമാശ്ളേഷിച്ചു പിരിയവേ
ഫിസിക്സ് ലാബിലാട്ടിവിട്ട
സിംപിൾ പെൻഡുലം
പോലെ ജീവിതക്കനലാട്ടം
നീ ഹൈഡ്രോക്ളോറിക്ക്
ആസിഡു പോലെന്നെ
പൊള്ളിച്ചു പോയ കാലം
ശ്യൂന്യമായോരുത്തരങ്ങളിൽ
പരീക്ഷകൾ തോൽക്കവേ
ചോദ്യങ്ങൾ തെറ്റവേ
ആരാകണം പരാജിതാ നിനക്ക്
ആരാകണം ആരാകണം
ഞാനും ചോദിച്ചു ചോദ്യം
ഒടുവിൽ തോറ്റതിൻ
മാർക്ക് ലിസ്റ്റ് കിട്ടവെ
മണിയടിച്ചു മണിയടിച്ചു
തോൽപ്പിച്ച മണിയിൽ
പതിയേ ഞാൻ കൊട്ടീ
പുതിയോരനാഥഗാനം
പിന്നെ ഞാൻ തോറ്റു നടന്ന
വഴികൾ കണ്ടൂ
തോറ്റു പോയൊരു
സൂര്യാസ്തമയം കണ്ടൂ
തോറ്റു പോയൊരു കെമിസ്ട്രി
ലാബിലെ വഴി കണ്ടൂ
തോറ്റു പോയൊരു
ഫിസിക്സ് ലാബിന്റെ
ഭീതിദമാം ഗ്രാവിറ്റി കണ്ടൂ
തോറ്റു പോയ ക്ളാസ്സ്മുറികൾ
വരാന്തകൾ കാന്റീൻ
പുസ്തക വില്പന സ്റ്റാൾ
പരീക്ഷയിൽ തോറ്റ ഞാൻ
പ്രണയത്തിൽ വിജയിച്ച
ചുവന്ന വാകകൾ കണ്ടൂ
തോറ്റു പോകുവാൻ നാം
കാത്തോരലലസതയുണ്ട്
തോറ്റാലെന്തെന്ന ചിന്തയുണ്ട്
വിജയിക്കുവാൻ നാം
കൊളുത്തേണ്ടൊരു കനലുണ്ട്
ആരുമറിയാത്ത കനൽ
നമ്മുടെ സ്വന്തമാം കനൽ
കവിത-ജയരാജ് മറവൂർ
Not connected : |