ആത്മ ചൈതന്യത്തിനായ് ഒരു മാറ്റം
പറയുവാനില്ലയൊന്നും അറിയുവാനില്ലയൊന്നും
എങ്കിലും പടി വാതിലുകൾ കടന്നെത്തിയതെന്തിന് ഞാൻ?
ഏവരും പ്രാർത്ഥനാനിർഭരമായ് നിൽക്കുന്നയീ ദിവ്യബലി പീഠത്തിൽ
അർഥശൂന്യമായി നിൽപ്പു ഞാൻ കേവലം മർത്ത്യനായി
ദിവ്യ വചനങ്ങൾ പ്രഘോഷിക്കപ്പെടുമ്പോൾ-
ഹൃദയത്തിൻ ആഴത്തിൽ കുറിക്കുവാനുള്ള വാക്കുകളെങ്കിലും
ചില്ലു കൊട്ടാരങ്ങളിൽ വാർത്തെടുത്ത ആദർശങ്ങളാൽ
കാതുകളടച്ച് നിൽക്കുന്നു ഞാനീ പാവന വേദിയിൽ
ഇഹലോകജീവിതം നൈമിഷികമെന്ന് ചൊല്ലിയെങ്കിലും
തിരിയില്ലാതെരിയുവാനുള്ള അഹന്തയിൽ
തിരസ്കരിച്ചു വഴിമാറി പോയി ഞാൻ
തിരക്കുകളാൽ തിരഞ്ഞില്ല എന്നെ ഞാനാക്കിയ ആത്മ ചൈതന്യത്തെ
തിരിച്ചറിവിൻറെ കാലം കഴിഞ്ഞു പോകവെ-
മടങ്ങിവരാത്ത ആത്മ ചിത്തത്തിൽ മനംനൊന്ത് തളരവെ-
മങ്ങിടാത്ത മായാജാലമായി മാറിടുന്നു നീയെന്നുള്ളിൽ
മർത്ത്യനായി മണ്ണിലേക്കമരുമ്പോഴെങ്കിലും മാറിടട്ടെയീ ജന്മം സുകൃതമാകുവാൻ..
Not connected : |