നീറുന്ന മാതൃത്വം  - മലയാളകവിതകള്‍

നീറുന്ന മാതൃത്വം  

നിറഞ്ഞ ദാമ്പത്യത്തിനനുഭൂതിയായ് നിരവയറാണെന്നറിഞ്ഞു നീ
നിത്യം നേർച്ച നേർന്നതൊരു പെൺകുഞ്ഞിനായല്ലയോ?
നാളുകളുടെ കാത്തിരുപ്പിനൊടുവിൽ നാഭി ഞരമ്പറ്റ-
നോവിൽ പിറന്നു വീണതും നിന്നെപോലൊരോമന മകളല്ലേ.

നിഴലായി നീയുണ്ടായില്ലെയെപ്പോഴും അവൾക്കരികിൽ
നിദ്രയിൽ പോലുമവൾക്കു നീ നേർത്ത നിശ്വാസമായി മാറി
നിലാവുള്ള നിശകളിലവൾ ഉറങ്ങാതെയലറി കരഞ്ഞപ്പോൾ
നിശാഗീതത്തിൻ താരാട്ടു പട്ടു പാടി ഉറക്കിയെന്നും

നാളുകൾ കഴിഞ്ഞു നാവനക്കി അവൾ അമ്മ എന്നു വിളിച്ചതും
നിർവൃതിയിലാണ്ടു നാവുതോരാതെയെല്ലാരോടും പങ്കു വച്ചതും
നഗ്ന പാദങ്ങളിലവൾ നിൻ കൈ കോർത്ത് നടന്നു നീങ്ങിയതും
നിലം പതിച്ചിടാത്തവൾ പിച്ച വച്ചതും വിസ്മരിക്കാനാകുമോ?

നിലച്ചിടാത്ത നിർഭയമായ ചുവടുകൾ വച്ച് വളർന്നവൾ
നിപുണത കൊണ്ട് നിന്നോളം വളർന്നെന്നഭിമാനിച്ചീടുക
നവവധുവായി നിറഞ്ഞ സദസ്സിലിന്നവൾ കൈകൂപ്പി നില്ക്കുമ്പോൾ
നെഞ്ചോട് ചേർത്തുനിർത്തിയവളെ അനുഗ്രഹിച്ചീടുക

നിറവയറൊഴിഞ്ഞ നോവിൽ നിലവിളിച്ചിടാത്ത നീ
നനഞ്ഞ കണ്ണുകളുമായി അലറി കരഞ്ഞീടുന്നതെന്തിനാൽ
നാദസ്വരത്തിനൊപ്പം നാടറിഞ്ഞവൾ പരിണയിച്ചീടുമ്പോൾ
നിശ്ചലമായിടാതെ മംഗളാശംസകളേകി യാത്രയാക്ക

നാണം പൂണ്ടവൾ നവവരനോടൊപ്പം പോകാനൊരുങ്ങവേ
നെഞ്ചുപൊട്ടി നീ മറ്റൊരു കൈകളിലേക്കേൽപിക്കവേ
നിലതെറ്റി നിന്ന അമ്മയെ കണ്ടവൾക്കടക്കാനായില്ല നൊമ്പരം
നിശബ്ദമായി അലറി കരയുന്ന നെഞ്ചിടിപ്പറിയാതെ പോയില്ലവൾ

"നശ്വരമായ നഭസ്സിൽ ഇണ വന്നു നിണത്തെ പിരിക്കുകിലും
നുറുങ്ങുന്ന നിയോഗങ്ങൾ നിറവേറ്റുന്നതല്ലയോ നിൻ മാതൃത്വം."up
0
dowm

രചിച്ചത്:Jithin L
തീയതി:21-12-2021 02:39:04 PM
Added by :Jithin L
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :