നിന്നിലേക്കൊരു യാത്ര
കാട്ടിന്നകത്തെ കുടിലിനടിയിലോ കാട്ടിത്തരുന്നു വിധി രത്നമെല്ലാം
കാട്ടിലൂടങ്ങനെ നീയങ്ങ് പോകുമ്പോൾ കാട്ടിത്തരുന്ന നിധി നിന്നെത്തന്നെ
കാറ്റിലും കോളിലും പെട്ട്
നീ അലയുമ്പോൾ
കൂട്ടിനായുണ്ട് നിന്നിലൊരു പൈങ്കിളി
ഇരുളിന്റെ അറ്റത്ത് പാടുമാ പൈങ്കിളി
ഇരുൾ നീക്കി നിന്നിൽ തെളിഞ്ഞിടുമാ പൈങ്കിളി
കാഴ്ചകളൊക്കെയും ഒന്നിൽ തെളിയുമ്പോൾ
കേൾവികളൊക്കെയും ഒന്നിൽ മറയുന്നു
രാഗങ്ങളേഴിൽ നീ ഒന്നായ് വിരിയുമ്പോൾ
രാപ്പകളുകളൊക്കെയും എങ്ങോ മറയുന്നു
അകകണ്ണിൻ കാഴ്ചയതുണ്ടെന്നു നീ ഓർക്കണം
അകകണ്ണിലായ് നീ നിന്നെയും കാണണം
മിഥ്യയാമീ ലോകം പാടെ മറക്കണം
സത്യമായുള്ളോരാ സത്തിൽ ലയിക്കണം
ഓരോ യാത്രയും നിന്നിലേക്കാവണം
ഓരോ മാത്രയും നീ നിന്നെ അറിയണം
അന്തമില്ലാത്തോരീ യാത്രയിൽ
നീ നിൻ അന്ത്യത്തിലായ് ജനിക്കണം............
Not connected : |