നിഭൃതനാരി - തത്ത്വചിന്തകവിതകള്‍

നിഭൃതനാരി 

നിന്‍റെനീണ്ടപ്രവാസത്തിന്‍റെ
ചുടുനീര്‍കണങ്ങളുതിര്‍ന്നുവീഴും
മരുഭൂമിയാണുഞാന്‍,
നുരയുന്നമിഴിനീരുകാണുവതാര്
നിന്‍റെ ഹൃദയത്തിലാഴ്ന്നുചൂഴും
ഗദ്ഗദതാപത്തിന്‍മുനയാരുകാണും.

കത്തിത്തകര്‍ന്നുകനലാര്‍ന്നുറയുന്ന
ചിതാഭൂമിയില്‍ നിന്‍മനമാര്കാണും
ഹേ, പ്രവാസമേ.. നീയാംനാരിതന്നു-
യിരുരുകുവതാരുകാണും
മുറിയടചിരിക്കുന്നനിന്നിലെ
ചിന്താചിതിതമാരുകാണും.

ഓര്‍മ്മകള്‍,
ഓര്‍മ്മകള്‍ ചീഞ്ഞഴുകിക്കുഴഞ്ഞുമറിഞ്ഞു
കോടകെട്ടികിടക്കുംനിന്നിലെ
യലിവിന്‍നിക്ഷേപമാരുകാണും

കാറ്റത്ത് പറന്നുപറന്നു ദുരങ്ങള്‍താണ്ടി
യെത്തുന്നകിളിതൂവല്‍കുടഞ്ഞപ്പോള്‍
തെറിച്ചു വീണൊരുമണല്‍തരിയായ്‌
നിതംഭഭൂവില്‍കിടന്നുനീ
പിടയുന്നതാര്കാണും.

നിതാന്തമാമെന്മാറില്‍ കൊടും വേനലാം
നിത്യരോഗത്തിന്‍ചുടുശയ്യയില്‍
നിന്‍റെപ്രാണന്‍റെപ്രരോദനമാര്കാണും.

പുഴയൊഴുകാത്ത, പൂവിരിയാത്ത
കിളിപാടാത്ത, തരുവളരാത്ത
വരളുന്നനിദ്രാപരഭൂവനത്തില്‍
നിന്ദിതയാംനിന്‍റെ വേരുപടര്‍ത്തുവാനാവാത്ത
വേദനയാര്കാണും.

ഹേ, നിഭൃതനാരീ,
പ്രവാസപ്രതിബിംബമേ !
നിര്‍ജനതടത്തിലൂടരുണതാപത്തി-
ലോരുതുള്ളിനീരിനായ്‌കൊടുംതപംചെയ്തു
ചെയ്തലഞ്ഞലഞ്ഞുയിര്‍പോലുമെന്നിലെയ്ക്ക്
ചേര്‍ക്കുന്ന നിര്‍ജരേ....
നിന്‍റെയീയുള്‍ക്കരുത്താര്കാണും.

മരുപ്പച്ചകണ്ടുകൊണ്ടതിമോഹം
പൂണ്ടോടിയണഞ്ഞപ്പോള്‍
നിന്‍റെ തൊണ്ടവരണ്ടുകണ്ഠമിടറിതളര്‍ന്നു
തകര്‍ന്നഹൃദയത്തില്‍കൂര്‍ത്ത
കള്ളിമുള്ളുകള്‍കൊണ്ടതാരുകാണും.

താരാടട്ടേകാന്‍കഴിയാതെകരഞ്ഞുകരഞ്ഞു
തളര്‍ന്നഭാതൃതന്‍കിരണം
മഴപോള്‍പോഴിക്കുവാനാവാതെ
ക്രൂരപ്രകാശധാരയായ്‌ നിന്നിലെയ്ക്ക്
ശരംപോലെതൊടുക്കുന്നതാപമാരുകാണും.

നിന്നെചിക്കിചികഞ്ഞുപിഴിഞ്ഞു
കഞ്ഞികുടിച്ചുകഴിഞ്ഞുകൂടുന്ന സ്വരക്തത്തിന്‍
ശപസൂക്തങ്ങള്‍വാളായ്‌നിന്‍റെയുള്ളിലെ
മുള്‍പ്പടര്‍പ്പിനെപോലും
കുത്തിനോവിക്കുവതാര്കാണും

ഇവിടെയടവിയാംമരുവിനുനടുവില്‍
മണല്‍മരങ്ങള്‍ക്കിടയില്‍
നിന്‍റെപ്രവാസപ്രയാസത്തി-
ന്നലറിക്കരച്ചിലുകളുരഞ്ഞുയരുന്നയിരവിന്‍
കൊടുംശൈത്യത്തിലതികഠിനമായ്‌
നിന്‍നിണമുറയുവതാര്കാണും.

മണല്‍മാത്രമല്ലോ; ജലമില്ലയിന്നുപതിക്കുന്ന
ജലമിഴിനീര്‍കണമുതിരുമൊരുരുദിരമുനയില്‍
നിന്‍റെയേകാന്തവിഭ്രാന്തിയാര്കാണും.

പച്ചപ്പിന്‍ഭാവുകത്തിണ്ണയിലോരിക്കല്‍
സന്ധ്യാദീപംതെളിച്ചതോര്‍ത്തോര്‍ത്തു
നാമംജപിച്ചകരളിന്നുമരുവില്‍
കരയുവതാര്കാണും.

ഇലയില്ല, പുഴയില്ല , പൂവില്ല
മഴയെവിടെ, കിളിയെവിടെ
കൂടെവിടെ,യെന്‍നിറകുടവുമെവിടെ,
ഭാസുരദീപദ്യുതികളുമെവിടെ, യിവിടെ
മൂര്‍പ്പുയരുന്നശൈത്യത്തി-
ലൊരുവിലാപകദനകാവ്യകഥാബിന്ദുവാ
യുറയുന്നനിന്‍റെ ഹൃദയവിലാപങ്ങളാരുകാണും.

ദൂരെയലിവിന്‍റെവഴികളുനണ്ടെന്നറിയാതെ
കരയുന്നമരുഞാന്‍,
എന്നില്‍ നിനക്കുനീരുറവയെകുവതെങ്ങിനെഞാന്‍
മരുപ്പച്ചകാട്ടികൊട്ടിവിളിച്ചുവരുത്തി
നിന്നിലെപ്പഴച്ചാറൂറ്റിക്കുടിച്ചു, നിന്നിലെയവസാന
തുള്ളിയുംവാര്‍ന്നുകാര്‍ന്നാര്‍ത്തിയോടെ-
യറിയാതെയറിയാതെനിന്‍നൊമ്പരമറിഞ്ഞ
ഭീകരവേദനയോടെതിന്നുതീര്‍ക്കും
മരുവാമെന്നെയാര്കാണും.

നിന്നെയുമെന്നെയുമാര്കാണും,
നീണ്ടപ്രവാസത്തിലുറയുന്നവേദനനീ.
നീറുന്നമരുഭൂവായ്‌, പിന്നെ മരണമായ്‌
നിനക്കുഞാനഭയമരുളുന്നതുമാര്കാണും.


















up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:14-12-2012 12:26:03 AM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :