പറഞ്ഞു തീരാത്ത പ്രവാസ ഗാഥകള്‍
കാണാത്ത കൈകളാല്‍ കൈരളിയെ താങ്ങി
കാലം കഴിച്ചിടും പേക്കോലങ്ങള്‍
കനവുകളെല്ലാം എരിഞ്ഞടങ്ങുന്നതു
കണ്ണീരാല്‍ കണ്ടിടും നരജന്മങ്ങള്‍
കനിവിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടുത്തിട്ടു
കനവുകളേറെയവര്‍ക്കേകി പിടയുന്നോര്‍
കദനത്തിന്‍ കരകാണാ കടലിന്‍ നടുവിലും
കിനിയുന്ന സ്നേഹത്തിന്‍ തേന്‍ക്കനിയായവര്‍ !
ആകുലചിന്താശരങ്ങളാല്‍ പിടയുന്ന
ആധി പിടിച്ച മനസ്സിനുടമകള്‍
ആനന്ദമാമോദമെല്ലാം വെടിഞ്ഞിട്ട്
അത്യുഷ്ണ സൈകതഭൂവില്‍ പിടയുന്നോര്‍
അഴകേറുമമ്മതന്‍ പൂമടിത്തട്ടില്‍
അണയാന്‍ വെമ്പിടും മാനസങ്ങള്‍
അറിയാതെ പോകല്ലെയീനോവിന്‍ ഗാഥകള്‍
അലിവോടെയിത്തിരി സ്നേഹം കനിഞ്ഞിടു !
വിരഹത്തിന്‍ വെയിലേറ്റു വാടി തളരുമ്പോള്‍
വിധിയെ പഴിച്ചു കഴിഞ്ഞിടാനൊക്കുമോ
വറുതിയകറ്റും വിയര്‍പ്പിന്‍ കണങ്ങളെ
വിസ്മരിച്ചിടാന്‍ കഴിയുമോ നിങ്ങള്‍ക്കു ?
വീണ്ടുമാ കുങ്കുമ സന്ധ്യകള്‍ കണ്ടിടാന്‍
വിസ്മയമേകിടും പൂംപ്പൊയ്ക കാണുവാന്‍
വിധിയേകണേയെന്ന പ്രാര്‍ത്ഥനയുള്ളത്തില്‍
വെച്ചിട്ടു,നാളുകള്‍ തള്ളി കഴിഞ്ഞിടുന്നു !
Not connected : |