സ്ത്രീ+ധനം=സ്ത്രീരോദനം
കാഞ്ചന മാല്യങ്ങൾക്കായീടുമോ
വെല്ലുവാൻ നാരി തൻ പൂമേനിയേ...?
ലോഹത്തിളക്കത്തിന്നായിടുമോ
ഏകുവാൻ പെണ്ണിൻ മനസ്സഴക് ...?
വരവർണ്ണ പൂജകർ തീർത്തീടുന്നു
ബാഷ്പാംബു കൊണ്ടൊരു വീജിമാലി !
കല്ലോലമാലി തൻ ഉൾത്തടത്തിൽ
കര കാണാനാകാതെ പെണ്‍മനസ്സ് !
പെണ്ണിൻ കഴുത്തിൽ വരണ മാല്യം
ചാർത്തീടാൻ പൊന്നിൻ മഹിമ വേണം !
പൊണ്ണൻമാരൊത്തിരി 'പൊന്നഴക്'
തേടുമ്പോൾ 'പെണ്ണഴ'കെന്തു മൂല്യം ...?
പാവന ശോഭന സുന്ദര ദാമ്പത്യ-
വല്ലരി പൂത്തു തളിർത്തീടുവാൻ
ധനമാണ് സ്ത്രീയെന്നൊരുൽകൃഷ്ട-
ചിന്ത തൻ ദിവ്യ വെളിച്ചമുദിച്ചീടണം !
പാവങ്ങൾ തന്നുടെ നേത്രാംബൂവിൻ വില
സ്ത്രീധനമായി ഭുജിച്ചീടുമ്പോൾ
അജീർണ്ണം പിടിച്ച മനസ്സിൽ നിന്നും
എങ്ങിനുതിർന്നിടും ശാന്തിമന്ത്രം...?
പെണ്ണിൻ ധനമെല്ലാം കൊള്ള ചെയ്തു ,
സ്നേഹം മുഴുവനപഹരിച്ചു ,
ആജീവനാന്തം അടിമയാക്കി,
ലജ്ജിക്കയെങ്കിലും ചെയ്യുക നാം...!
പെണ്മക്കൾ പ്രായം തികഞ്ഞ വീട്ടിൽ
നീറി പിടയുന്നൊരച്ഛനുണ്ട് !
ആ മാനസം കാണാൻ ത്രാണിയില്ലാ-
തുള്ള നാമെല്ലാം തൃണങ്ങൾ തന്നെ !
പൂവിന്റെ സൌരഭ്യമാസ്വദിക്കാൻ ...
പൂമധു ആവോളമൂറ്റിടുവാൻ ...
അർഹതയില്ലാ,മധുപൻ,നീ !
എങ്കിലും ഭിക്ഷയായ് സ്വീകരിക്കൂ ...
ആണിൻ പ്രഭാവമുദിക്കണമെങ്കിലീ
നാരി തൻ കയ്യൊപ്പ് ആത്മാവിൽ ചാർത്തണം !
അവളുടെ നനയാത്ത കണ്ണുകൾ നിശ്ചയം
പൊൻപ്പൂക്കൾ വിരിയിക്കും ജീവിത വല്ലിയിൽ ...!
Not connected : |