കറുത്ത തോണിക്കാരൻ - തത്ത്വചിന്തകവിതകള്‍

കറുത്ത തോണിക്കാരൻ 

കാത്തു കാത്തെന്നെ കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
പെട്ടെന്ന് കാഴ്ചകൾ കണ്ടു മടങ്ങണം
എന്നരുൾ ചെയ്തുവാ തോണിക്കാരൻ...
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടി വരും മുമ്പങ്ങോടിയെത്താം ....

കാല രഥങ്ങളങ്ങോടി മറഞ്ഞു പോയ്‌
ഒരു കൊച്ചു സുപ്തിയിലെന്ന പോലെ !
തിരികെ ലഭിക്കാത്ത ഓർമ്മകൾ മാത്രമായ്
പിന്നിൽ മറഞ്ഞുവാ ഇന്നലെകൾ...
ഇന്നിന്റെ കാഴ്ചകൾ കരിമുകിൽ മാലകൾ
കനവുകളെല്ലാം കരിന്തിരികൾ ...
ഞെട്ടിയുണർന്നു കനവുകളിൽ നിന്നും
വന്നൊരാ ദിക്കിൽ തിരിച്ചേ പറ്റൂ !

കാത്തു കാത്തെന്നെ കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
പെട്ടെന്ന് കാഴ്ചകൾ കണ്ടു മടങ്ങണം
എന്നരുൾ ചെയ്തുവാ തോണിക്കാരൻ...
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടി വരും മുമ്പങ്ങോടിയെത്താം ...

സ്നേഹത്തിൻ വേരുകളാഴ്ന്നിറങ്ങിയെന്റെ
പ്രാണനിൽ കാഞ്ചന കാന്തി പരത്തുന്നു
പിഴുതു മാറ്റീടുമ്പോൾ രക്തം കിനിയുന്നു
ചേതസ്സിൻ അംഗണം ശോണിതമാകുന്നു
ആയിരമായിരം പൂക്കളൊരുക്കിക്കൊ-
ണ്ടാമലർവാടികൾ മാടി വിളിക്കുന്നു !
ആനന്ദമാമോദം ചിത്രപതംഗങ്ങൾ,
പക്ഷികളും ചേർന്ന് നർത്തനമാടുന്നു ...

കാത്തു കാത്തെന്നെ കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
പെട്ടെന്ന് കാഴ്ചകൾ കണ്ടു മടങ്ങണം
എന്നരുൾ ചെയ്തുവാ തോണിക്കാരൻ...
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടി വരും മുമ്പങ്ങോടിയെത്താം ...

ആകാശപ്പൂമരക്കൊമ്പിൽ വിരിഞ്ഞുള്ള
താരകപ്പൂക്കളിൽ കൌതുകം പൂണ്ടു പോയ്‌..
അനരാഗ മലരുകളകതാരിലർപ്പിച്ചു
മഞ്ജുള ചന്ദ്രിക മന്ദഹസിക്കുന്നു ...
നിഴലും നിലാവും വരച്ചിട്ട ചിത്രങ്ങൾ ...
സ്പന്ദിക്കുന്നെനുടെ ആത്മാവിൻ ഹർഷങ്ങൾ ...
വരവർണ്ണ ശോഭ പരത്തുന്നുദയങ്ങൾ
കുങ്കുമസന്ധ്യകൾ സ്വപ്നസമാനങ്ങൾ...

കാത്തു കാത്തെന്നെ കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
പെട്ടെന്ന് കാഴ്ചകൾ കണ്ടു മടങ്ങണം
എന്നരുൾ ചെയ്തുവാ തോണിക്കാരൻ...
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടി വരും മുമ്പങ്ങോടിയെത്താം ...

ഐഹിക ജീവിത നാടക വേദിയിൽ
അസ്ഥാനത്തെത്തിയ കോമാളി ഞാൻ !
നല്ല നടൻമാർ തിളങ്ങിയ വേദിയിൽ
കാണികൾ കൂവിയ കോമാളി ഞാൻ !
എങ്കിലുമിത്തിരി നേരമരങ്ങിൽ ഞാൻ ...
എന്തൊരനുഭൂതി, നിർവൃതികൾ
തിരശ്ശീലപ്പിന്നിൽ കരഞ്ഞു തളർന്നോരെൻ
കണ്ണുകൾ മറ്റാരും കണ്ടിട്ടില്ല ...

കാത്തു കാത്തെന്നെ കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
പെട്ടെന്ന് കാഴ്ചകൾ കണ്ടു മടങ്ങണം
എന്നരുൾ ചെയ്തുവാ തോണിക്കാരൻ ...
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടി വരും മുമ്പങ്ങോടിയെത്താം ...

എങ്കിലും തിരികെ ഞാനെങ്ങിനെ പോയിടും ?
ഒട്ടിപ്പോയദൃശ്യമേതോ പശയിൽ ഞാൻ !
വാഗ്ദാനം പാലിക്കാനായില്ലയൊട്ടുമേ
തേടി വരുന്നുണ്ടാ വഞ്ചിക്കാരൻ !
കണ്ടതെല്ലാം വെറും മായിക സ്വപ്‌നങ്ങൾ !
ഉണരട്ടെ ഞാനിനി നിദ്രയിൽ നിന്നുമായി ...
ഇന്ദ്രജാലം കാട്ടും ഹ്രസ്വ സ്വപ്നങ്ങളേ
പോകട്ടെ ,ഞാനെന്റെ ജന്മ ഗേഹം തേടി ...!





up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:04-05-2013 05:46:45 PM
Added by :Abdul shukkoor.k.t
വീക്ഷണം:253
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :