ശപിക്കല്ലേ..അമ്മേ ... - മലയാളകവിതകള്‍

ശപിക്കല്ലേ..അമ്മേ ... 

മക്കള്‍ തന്‍ സ്വര്‍ഗ്ഗമിരിപ്പതു മാതാവിൻ
കാല്‍ക്കീഴിലെന്നു തിരുവചനം !
ആ കണ്‍കളൊന്നു നിറഞ്ഞു തുളുമ്പുകിൽ
നിശ്ചയം ഭസ്മമായ് തീര്‍ന്നിടും നീ !

കുഞ്ഞു നാളൊന്നിൽ നീ ആര്‍ത്തു കരഞ്ഞപ്പോള്‍
വറ്റി വരണ്ടൊരാ ചുണ്ടുകളിൽ
കനിവോടെ സ്നേഹാമൃതേകിയോരമ്മ നിന്‍
കാല്‍ക്കല്‍ പരവശയായി നിൽപ്പൂ ...

ആലംബഹീനനായ് മണ്ണില്‍ പിറന്ന നീ,
ചരണകമലം നിലത്തടിച്ചു,
ആക്രന്ദിതമോടെ നിഷ്പ്രജ്ഞനാകുമ്പോള്‍
അലിവോടെ ദോഹജം ഏകിയമ്മ ...

ഇരവും പകലും നിന്‍ ക്ഷേമൈശ്വര്യങ്ങള്‍ക്കായ്
നോയ്മ്പും നോറ്റവർ കാത്തിരുന്നു ...
ഏതേതുപഹാരം തുല്യമീ സ്നേഹത്തി-
നായി നീ ഏകിടുമീജഗത്തിൽ !

കല്ലല്ല ! നിന്മനമെങ്കിൽ നീ നിശ്ചയം
കനിവിന്റെ ചിറകുകള്‍ താഴ്ത്തിടട്ടേ ...
ശോഷിച്ചു പോയൊരീ മെയ്യിനെ താങ്ങി നീ
ശേഷിച്ച കാലം കൃതജ്ഞനാകൂ ...

പെറ്റ വയറിനെ വൃദ്ധസദനത്തിൽ
തള്ളി വിടും മുമ്പൊന്നോര്‍ത്തു നോക്കൂ
നിന്റെ വിയർപ്പാലെ വളരുന്ന മക്കളും
ഈ ചെയ്തികള്‍ക്കെല്ലാം സാക്ഷികളാം !

ഒരു ഭിക്ഷപ്പാത്രം നീ എകിയവർക്കായി
തെരുവിലെറിയും മുമ്പോര്‍ത്തീടണം
ചെയ്തികളെല്ലാം വിഷം ചീറ്റും നാഗമായ്
ആഞ്ഞു കൊത്തുന്നൊരു കാലം വരും...!


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:12-05-2013 06:24:33 PM
Added by :Abdul shukkoor.k.t
വീക്ഷണം:226
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :