പരിശുദ്ധ യാമിനി  - മലയാളകവിതകള്‍

പരിശുദ്ധ യാമിനി  

പൂമാനം പൂത്തു തളിര്‍ത്തൊരു രാത്രിയില്‍
പൂന്തിങ്കള്‍ മെല്ലെയണഞ്ഞു പാരില്‍
പൂഞ്ചോല മഞ്ജീര ധ്വനികള്‍ മുഴക്കവേ
പാതിരാ പക്ഷികള്‍ പാട്ടു പാടി
പൂമുറ്റം പൂമുല്ല സൗഗന്ധ പൂരിതം
പൂങ്കാറ്റിന്‍ ചുണ്ടില്‍ മധുരഹാസം
പൂമെത്ത നീളെ വിരിച്ചു കൊണ്ടങ്ങിനെ
പൂമ്പൊയ്കയാരെയോ കാത്തു നില്‍പ്പൂ
പൂന്തേന്‍ നിലാക്കച്ച ചുറ്റി മഹിയൊരു
പുതു നാരിയായി ചമഞ്ഞീടുന്നു
പാരിതിലെങ്ങുമനുരാഗ ദ്യോതിസ്സിന്‍
പൊന്‍പ്രഭയേവം പരിലസിപ്പൂ
പുളകം ചൊരിയുമീ സ്വര്‍ഗ്ഗീയ കാഴ്ചകള്‍
പുതു പുതു സ്വപ്നങ്ങളേകീടുന്നു
പാവന ശോഭന സ്നേഹാമൃതത്തിന്റെ
പുഷ്പാസവം ഞാന്‍ നുകര്‍ന്നീടുന്നു
പൂങ്കാറ്റിലാടുന്ന ഭൂമി തന്‍ പൂഞ്ചായല്‍
പുളകോദ്ഗമം മമ മാനസ്സത്തില്‍
പരിശോഭയേകുമീ പരിശുദ്ധ യാമിനി
പുലരാതിരുന്നെങ്കിലെന്നു മോഹം
പുളകിതമാക്കുമീ കാഴ്ചകളൊക്കെയും
പ്രജാമയന്‍ തന്ന വരപ്രസാദം
പുംഗവന്‍ തന്നുടെ പാദാംബുജങ്ങളില്‍
പ്രാര്‍ത്ഥനയാലെ ഞാന്‍ നീങ്ങിടട്ടേ
പൊള്ളുന്ന പകലിന്റെ പൊള്ളത്തരങ്ങളെ
പ്രാപിക്കാനൊട്ടുമെനിക്കു വയ്യാ
പരിശോഭയേകുമീ പരിശുദ്ധ യാമിനി
പുലരാതിരുന്നെങ്കിലെന്നു മോഹം...


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:09-06-2013 02:51:32 PM
Added by :Abdul shukkoor.k.t
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :