താപസകന്യകേ പോയീടുക
എകാന്തമായൊരെന്നാത്മാവിൻ വീഥിയിൽ
ഏഴഴകോടെ നീ പൂത്തുനിൽപ്പൂ
ഏകദാ നീയുമീ പാതയിലീവിധം
ഏകാന്തകൈവല്യം തേടീടുന്നു
കാഞ്ചനപങ്കജം, നീയുമിസ്സങ്കട-
ക്കണ്ണീർക്കയങ്ങളിൽ നീന്തിടൊല്ലാ
കാണുവാനൊട്ടുമെനിക്കിന്നു വയ്യന്റെ
കാതരാക്ഷീ നിന്നെയീവിധത്തിൽ
ആകല്പം വല്ലകീതന്ത്രികൾ മീട്ടുവാൻ
ആശിപ്പതെങ്ങനെ നശ്വരൻ ഞാൻ
ആകാശമോക്ഷമീയാത്മാവിനര്‍ത്ഥനം
ആകുലചിത്തമേ ശാന്തമാകൂ
തൈജസകീടമേ നിന്നുടെ താരുണ്യം
താപകമാക്കി ഞാനീവിധത്തിൽ
താപിതമെന്നുടെ നെഞ്ചകം കാണാതെ
താപസകന്യകേ പോയീടുക
പാരാതെ പോക നീ; ചഞ്ചലാക്ഷീ നിന്റെ
പിഞ്ജലമാനസം കാണ വേണ്ടാ
പ്രാണന്റെ പ്രാണനായ് വാഴും നീയോമലേ
പാരിതിൽ ജീവൻ തുടിക്കുവോളം
വാക്കര്‍ത്ഥങ്ങള്‍
ഏകദാ -അതേ സമയം
ഏകാന്തകൈവല്യം-മോക്ഷം
കാഞ്ചനപങ്കജം-പൊന്‍താമര
കാതരാക്ഷി -ഇളകുന്ന കണ്ണുകളോടുകൂടിയവള്‍, സുന്ദരി
ആകല്പം-ലോകാവസാനം വരെ
ആകാശമോക്ഷം -സ്വർഗ്ഗാരോഹണം
തൈജസകീടം -മിന്നാമിനുങ്ങ്
താപക -(ഇവിടെ )ദുഃഖമുള്ള
താപിത -തപിക്കപ്പെട്ട
വല്ലകി -വീണ
പിഞ്ജല-ആകുലമായ, ദുഃഖിതമായ
Not connected : |