വെള്ളിനക്ഷത്രത്തേയും കാത്ത് - മലയാളകവിതകള്‍

വെള്ളിനക്ഷത്രത്തേയും കാത്ത് 

ബവേറിയയിൽ വേരോടിപ്പടർന്ന
പോടുവൃക്ഷത്തിൽ വിരിഞ്ഞതു
വംശീയതയുടെ ചുടുകാട്ടുമുല്ലകളായിരുന്നു


വംശശുദ്ധിയും ഐക്യവുംഉന്മത്തരാക്കിയ
ആത്മബോധശൂന്യരുടെ ഹൃദയങ്ങളിലെ
നീലരക്തമൂറ്റിയായിരുന്നു അതിന്റെ വളർച്ച


സ്വേച്ഛാധിപത്യഭീകരതകൾ മയങ്ങിക്കിടന്നതു
ദേശസ്നേഹ മുദ്രാവാക്യങ്ങളുടെ
പുറന്തോടിനുള്ളിലായിരുന്നു


ഹോളോകോസ്റ്റ് നിർമ്മിച്ച
വേരറുക്കൽപ്രത്യയശാസ്ത്രത്തിന്നു കിട്ടയത്
ന്യൂറംബർഗ്വിചാരണകൾ മാത്രം..!


ഈ ആഗോളഗ്രാമവീഥിയിൽ
വംശവിച്ഛേദപ്രത്യയശാസ്ത്രങ്ങളുടെ കൊലവിളികൾ
നമ്മുടെ കണ്ഠനാഡിക്കും അടുത്താണ്


ആത്മബോധശൂന്യർ പെറ്റുപെരുകുന്ന ഇക്കാലത്തു
ന്യൂറംബർഗ് വിചാരണകൾപോലുമില്ലാത്ത
ഹോളോകോസ്റ്റുകളുംപെരുകിക്കൊണ്ടിരിക്കും


ശവങ്ങളും പച്ചച്ചോരയും മണക്കുന്ന
അന്യതാബോധത്തിന്റെ ഈ ഇരുൾവഴികളിൽ
ഇനിയെന്നാണൊരു വെള്ളി നക്ഷത്രം ഉദിക്കുന്നത്?


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:25-02-2014 05:12:58 PM
Added by :Abdul shukkoor.k.t
വീക്ഷണം:213
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :