പിറക്കാതെ പോയ മകളേ നന്ദി - മലയാളകവിതകള്‍

പിറക്കാതെ പോയ മകളേ നന്ദി 

എനിക്കു പിറക്കാതെ പോയ മകളേ നന്ദി
നെഞ്ചിലെ ഇടിമുഴക്കങ്ങളുടെ പെരുമ്പറയിൽ
പിടഞ്ഞു ചത്തൊരു ഹൃദയം സമ്മാനിക്കാത്തതിന്ന്
നീയെന്ന ചിതയിൽ ആത്മാഹുതി ചെയ്യാത്ത
ഒരു മനസ്സു തന്നതിന്ന്
നിന്നെ ചന്തയിലേക്കു നയിക്കുമ്പോൾ
നോക്കുകൂലിയായി നൽക്കേണ്ട
ഒരു പുരുഷായുസ്സിന്റെ വേർപ്പിന്റെയുപ്പ്
തിരികെത്തന്നത്തിന്ന്
എനിക്കു പിറക്കാതെ പോയ മകളേ നന്ദി
വ്യാഘ്രത്തിന്റ ദംഷ്ട്രങ്ങളിൽ നിന്നും
ഇറ്റിറ്റു വീഴുന്ന ചെഞ്ചോരത്തുള്ളികൾക്ക്
നിന്റെ മണമാണെന്നറിയുമ്പോൾ
വ്രണംബാധിച്ചു ഈച്ചയാർക്കുന്ന മനസ്സുമായി
ചങ്ങലകളിൽ ബന്ധിതനായി
ഇരുട്ടുമുറിയിൽ വെളിച്ചംത്തേടുന്ന
ഒരു പിതാവാക്കി എന്നെ മാറ്റാത്തതിന്ന്
മകളേ ഈ നന്ദിപ്രകാശനം
പരാജയം ഏറ്റുവാങ്ങാൻ
കഴിയാത്ത ഒരച്ഛന്റേതാണ്
അഥവാ
ആത്മഹത്യാക്കുറിപ്പുകളാണ്


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:25-02-2014 05:19:28 PM
Added by :Abdul shukkoor.k.t
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :