പുതുവത്സരപ്പേടി - തത്ത്വചിന്തകവിതകള്‍

പുതുവത്സരപ്പേടി 

പുതുവത്സര പ്പേടി
.................................

രണ്ടായിരത്തി പതിനഞ്ച് അസ്തമിച്ചു....

ഒടിവ് നിവരാത്ത പുതുമണം പരത്തുന്ന പുതുവത്സര കലണ്ടർ ചുമരിൽ തൂങ്ങി...

വെകിളി പിടിച്ച്  നാട് പിടിക്കാനുള്ള പേജുകൾ മറച്ച് ചുവപ്പൻ അക്കങ്ങളിൽ കണ്ണുകൾ കൊളുത്തിയിട്ടു..

ഒരു വർഷത്തോളം ഓർമ്മകളുടെ കാഴ്ച്ചകൾ കാട്ടി തന്ന  പഴംതാളുകളെ  ആണി കൊളുത്തിൽ നിന്ന്  മോചിതനാക്കാം

കൂട്ടക്കുരുതിയിൽ ചുവന്ന് തുടുത്ത ഒറ്റ അക്കങ്ങളെയും
ബോംബു വർഷങ്ങളിൽ കരിഞ്ഞുണങ്ങിയ രണ്ടക്കങ്ങളെയും
ഓർക്കാതിരിക്കാം.

ചേതനയറ്റ തണുത്തുറഞ്ഞ ഈ കലണ്ടറിനെ ഇനി മറവ് ചെയ്യാം.

കൂട്ടക്കൊലകളും കൂട്ടമരണങ്ങളും
കൊടും വരൾച്ചകളും
കൊടുങ്കാറ്റുകളും
കുലുങ്ങി തകർന്ന നേപ്പാളും
കരിഞ്ഞ് വീണ വിമാനങ്ങളും
പാലായനങ്ങളും പ്രവാഹങ്ങളും
പ്രളയങ്ങളും
പാരിസ് തെരുവുകളും പെഷവാർ മക്കളും
അയ് ലാൻ കുർദിയും പൂമൊട്ടും....

ഓർമിപ്പിക്കല്ലേ ചോര പടർത്തിയ നിന്റെ നാളുകൾ...

രണ്ടായിരത്തി പതിനഞ്ചിന്റെ  ഓർമ്മചിത ഇന്നലെ  പൂർണ്ണമായി കത്തിയമർന്നു...

പഴയതിനെ തഴഞ്ഞ് പുതുമയെ പുൽകുന്ന പെരുമ്പറകളും
വാദ്യഘോഷങ്ങളും
ഘോഷയാത്രകളും
വർണ്ണ പ്രപഞ്ചങ്ങളും
താളമേളങ്ങളും സംഘനൃത്ത്യങ്ങളും 
സംഘഗാനങ്ങളും
പുലരുംവരെ തകർത്തു പെയ്തു.

അലർച്ചകളും വെടിക്കെട്ടുകളും  പതഞ്ഞു പൊങ്ങിയ ലഹരികുമിളകളും
2015 ന്റെ ശവമടക്കിന് അകമ്പടിയേകി....

പുതുവർഷ പൂക്കളിൽ തണുത്ത ജനുവരി കാറ്റ് വീശുന്നു.

20l 6 നെറെ പിറവിയിൽ ലോകം തണുത്ത് വിറക്കുന്നു.

ഒരു നട്ടപ്പാതിരയിൽ കത്തി തീരാൻ കാത്തു നിൽക്കുന്നു വീണ്ടുമൊരു പുതുവർഷം.

കാലം ഇങ്ങനെ കത്തിയും കെടുത്തിയും കുതിച്ചും കിതച്ചും കുരച്ചും കരഞ്ഞും കലിയിളകി മുന്നോട്ട് പോയ് കൊണ്ടേയിരിക്കും....

ആയുസ്സിന്റെ  ആവലാതികൾ ചുടല പറമ്പുകളിൽ ഓരിയായ് നിറയുകയാണ്.

ഇനിയും എത്ര ദൂരം നടക്കണമോ ആവോ..

താണ്ടി തീർന്ന നാഴികക്കല്ലുകൾ  പാതയോരത്ത് മണ്ണ് പുതച്ച്  കിടക്കുകയാണ്..

പെരുമഴയെത്തും മുമ്പ്
ഞാനെന്റെ ഭാണ്ടകെട്ടു മുറുക്കി നടപ്പ് തുടരട്ടെ..

വഴിവക്കിലെ പുൽപ്പടർപ്പുകളിൽ  പെരുമ്പാമ്പുകൾ പതുങ്ങി കിടപ്പുണ്ട്.

കാൽ തെറ്റാതെ കാക്കണേ... വെട്ടിവെടുപ്പാക്കി ചുട്ടെരിച്ച എന്റെ  കിഴക്കേ കാവിലെ സർപ്പ ദൈവങ്ങളേ..


സുരേഷ് വാസുദേവ്
01. Ol. 2016


up
1
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:04-01-2016 06:57:14 PM
Added by :SURESH VASUDEV
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :