അഭിഷേകോൽസവം - തത്ത്വചിന്തകവിതകള്‍

അഭിഷേകോൽസവം 

ദേവദാരുവിലെന്റെ-ദേവതേ-ഇന്നു നിന്റെ
കമനീയ ശിൽപ്പം ഞാൻ-കടഞ്ഞെടുത്തു മെല്ലെ.

കരളിൻ പൂങ്കാവിൽ ഞാൻ-നിനക്കായ്‌ പണിതീർത്ത
കോവിലിൻ അൾത്താരയിൽ-പ്രതിഷ്ട്ടിച്ചതു പിന്നെ.

ഏഴു തിരകളിട്ട-നിലവിളക്കായെന്റെ
പ്രാണനെ എൻ ദേവതേ-നിൻ മുന്പിൽ കൊളുത്തി ഞാൻ.

അഷ്ടമിരോഹിണി നാൾ-അഷ്ടമങ്ങല്യം ചാർത്തി
നിന്നഭിഷേകോൽസവം-ഘോഷിപ്പാനൊരുങ്ങി ഞാൻ.

വിണ്ണിലെ ഗംഗാജലം-പുണ്ന്യാഹമായിന്നു ഞാൻ
പൊൻ കുടങ്ങളിലാക്കി-നിന്നഭിഷേകത്തിനായ്.

ചെത്തിയും, തുളസിയും-മന്ദാര മൊട്ടുകളും
പിച്ചകപ്പൂവും ചേർത്തു-മെച്ചത്തിലൊരുക്കിയ

പൂത്താലമെടുത്തതിൽ-നെയ്‌ത്തിരി കൊളുത്തി നിൻ
വരവേൽപ്പിനായിരു-വശവും നൃത്തം ചെയ്യാൻ,

വാന ദേവതകളെ-ക്ഷണിച്ചു വരുത്തി നൽ
കസവു പട്ടുടുപ്പി-ച്ചൊരുക്കി നിറുത്തി ഞാൻ.

ദിക്കുകളോരോന്നിലും-മാറ്റൊലി കൊള്ളൂമാറീ
വലംപിരി ശംഖിലി-ന്നോംകാരം പകർന്നു ഞാൻ.

ഹൃദയത്തുടിപ്പിന്റെ-തകിൽ നാദത്തോടൊപ്പം
പഞ്ചവാദ്യങ്ങളുമീ-യരങ്ങത്തൊരുങ്ങി പോൽ.

ഭജന ഗാനങ്ങൾക്കു-മധുര രാഗം നൽകാൻ
ഗന്ധർവ സ്രേഷ്ടരുമീ-കോവിലിലണഞ്ഞു പോൽ.

ഉഷപൂജയായ് ദേവീ-കൊടിയേറ്റമായിനി
കോടിയർച്ചനയായി-നിന്നിലെൻ സമാധിയായ്... ...


up
0
dowm

രചിച്ചത്:തോമസ്‌ മുട്ടത്തുകുന്നേൽ
തീയതി:07-01-2016 12:34:33 AM
Added by :Thomas Muttathukunnel
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :