മറവിയും... ഓർമ്മയും...
മറന്നുവോ നിങ്ങളാ ചൂടുന്ന പൂവുകൾ
ഞാനെന്റെ ചോരയാൽ ചോപ്പിച്ച നാളുകൾ?
നിങ്ങളാ പാടുന്ന പല്ലവികൾക്കന്നു
ഞാനെന്റെ പ്രാണനാൽ രാഗം പകർന്നതും?
മറന്നുവോ നിങ്ങളോടൊന്നിച്ചിരുന്നു ഞാൻ
പണ്ടൊരേ പാത്രത്തിലുണ്ട ദിനങ്ങളും?
മറന്നുവോ നിങ്ങൾതൻ വേർപാടു കാണവേ
എൻ മനം പൊട്ടി ഞാൻ പൊട്ടിക്കരഞ്ഞതും?
കട്ടാര മുള്ളുകൾ നീക്കി ഞാൻ നിങ്ങൾക്കു
പട്ടു വിരിച്ചുള്ള പാതകൾ തീർത്തതും?
പെട്ടുപോവാതെ കെണികളിൽ നിങ്ങൾക്കു
വെട്ടം തെളിച്ചു ഞാൻ മുന്നേ നടന്നതും?
പട്ടിണി പോലും കിടന്നു ഞാൻ നിങ്ങൾക്കു
പട്ടാട പോലും മുടങ്ങാതെ തന്നതും?
ഒട്ടൊക്കെ ഒന്നായ് മറക്കുവാനിത്രയും
പെട്ടെന്നു നിങ്ങൾക്കു സാധിച്ചതെങ്ങനെ?
മറവിതൻ തോണിയിൽ മന്ദമായ് നിങ്ങളാ
മറുകര കണ്ടു തുഴഞ്ഞു നീങ്ങീടവേ-
ഓർമ്മതന്നാഴമേറുമീക്കയത്തിലെ-
നീർച്ചുഴിയിൽപ്പെട്ടു താണുപോകുന്നു ഞാൻ.
ചുറ്റൊഴുക്കിൽ മെല്ലെ കൈ പിടിച്ചക്കരെ
അന്നു ഞാനെത്തിച്ചു നിങ്ങളെയെങ്കിലും
കണ്ണുനീർ ഗംഗയിൽ കൈകാൽ കുഴഞ്ഞിന്നു
താണു പോയീടുവാനാണെന്റെ ദുർവിധി...!
ഏല്ലാരുമെല്ലാം മറന്നുപോയാലുമെ-
ന്നെല്ലു മണ്ണാവോളുമോർക്കുമെല്ലാം ഞാൻ.
ഇല്ലിനി മറ്റൊന്നുമോർമ്മകളല്ലാതെ
തെല്ലൊരു കൂട്ടിനെൻ ചാരത്തു നിത്യവും.
Not connected : |