ദൈവത്തിൻ സ്വന്തം നാട്  - തത്ത്വചിന്തകവിതകള്‍

ദൈവത്തിൻ സ്വന്തം നാട്  

ദൈവത്തെ അറിയാത്ത മനുഷ്യരുണ്ടാക്കിയ
ദൈവങ്ങളേറെയുള്ള ദൈവത്തിൻ സ്വന്തം നാട് !

മനുഷ്യൻ മരിക്കുന്പോൾ മതങ്ങൾ മത്സരിച്ചു
ദൈവങ്ങളെ രക്ഷിക്കും ദൈവത്തിൻ സ്വന്തം നാട് !

ദൈവത്തിൻ പേരു വിറ്റു കോടികൾ വാരികൂട്ടും
സമുദായങ്ങളുള്ള ദൈവത്തിൻ സ്വന്തം നാട് !

പാപികളുണ്ടാക്കുന്ന പണത്തിന്റെയോഹരി
പുണ്ണ്യവാൻമാരും വാങ്ങും ദൈവത്തിൻ സ്വന്തം നാട് !

പാതയോരത്തിനിയും പൈതങ്ങളുറങ്ങുന്പോൾ
പള്ളികൾ പണിയുന്ന ദൈവത്തിൻ സ്വന്തം നാട് !

ബാലവാടിയിൽപ്പോകും കുരുന്നു കുഞ്ഞുങ്ങളെ
പേപ്പട്ടി കടിക്കുന്ന ദൈവത്തിൻ സ്വന്തം നാട് !

ജാതിയും രാഷ്ട്രീയവും ഭിന്നിച്ചും കലഹിച്ചും
കൂത്തരങ്ങാക്കിത്തീർത്ത ദൈവത്തിൻ സ്വന്തം നാട് !

അന്യോന്യം നേതാക്കന്മാർ ചെളി വാരിത്തേക്കുന്പോൾ
അണികൾ രസിക്കുന്ന ദൈവത്തിൻ സ്വന്തം നാട് !

വിളയുന്നതൊക്കെയും വേലികൾ തന്നെ തിന്നു
വിതക്കുന്നോൻ വിശക്കും ദൈവത്തിൻ സ്വന്തം നാട് !

അഷ്ടിക്കു വക തേടാൻ കഷ്ടപ്പെട്ടേറെ ജനം
അന്യനാടന്വേഷിക്കും ദൈവത്തിൻ സ്വന്തം നാട് !

സ്വന്തം പേരെഴുതുവാൻ അറിയാത്ത വിദ്വാനും
നാടു ഭരിക്കാനാവും ദൈവത്തിൻ സ്വന്തം നാട് !

ഹിംസിച്ചതും ഭക്ഷിച്ചു ഖദറിട്ട ഗാന്ധീയർ
വിസ്ക്കി മോന്തിക്കുടിക്കും ദൈവത്തിൻ സ്വന്തം നാട് !

കള്ളനും പോലീസുംകൂടൊന്നിച്ചു കള്ളു മോന്തി
സമത്വമുറപ്പാക്കും ദൈവത്തിൻ സ്വന്തം നാട് !

ശ്രീ നാരായണ ഗുരു മണ്ഡപത്തിൻ മുന്പിലും
കള്ളുഷാപ്പുകളുള്ള ദൈവത്തിൻ സ്വന്തം നാട് !

നഗരസഭ കൂടി നഗരങ്ങളൊക്കെയും
നരക തുല്യമാക്കും ദൈവത്തിൻ സ്വന്തം നാട് !

നഗരങ്ങെളിലെങ്ങും മലിനക്കൂന്പാരങ്ങൾ
നിധി പോൽ സൂക്ഷിക്കുന്ന ദൈവത്തിൻ സ്വന്തം നാട് !

ഏതു വഴിയോരത്തും മൂത്രമൊഴിക്കാൻ ജനം
സ്വാതന്ത്ര്യം സന്പാദിച്ച ദൈവത്തിൻ സ്വന്തം നാട് !

പൊതുസ്വത്തെന്തായാലും അതിനു തീ വെക്കുവാൻ
ബന്തുകളുണ്ടാക്കിയ ദൈവത്തിൻ സ്വന്തം നാട് !

കൊലയും കവർച്ചയും ഉച്ചയ്ക്കു നടന്നാലും
തെളിവു ലഭിക്കാത്ത ദൈവത്തിൻ സ്വന്തം നാട് !

മനസാഷിയുള്ളോനെ മണ്ണിൽ ചവിട്ടിത്താഴ്ത്തും
വാമനന്മാരേറുന്ന ദൈവത്തിൻ സ്വന്തം നാട് !

വോട്ടെടുപ്പു കാലത്തു വമാനന്മാരൊക്കെയും
മാവേലി വേഷം കെട്ടും ദൈവത്തിൻ സ്വന്തം നാട് !

പെണ്‍വാണിഭക്കാരായ കള്ളസ്വാമിമാരുടെ
എണ്ണമേറിവരുന്ന ദൈവത്തിൻ സ്വന്തം നാട് !

ഇറക്കുമതി ചെയ്ത മാഫിയാ വിത്തു പൊട്ടി-
ക്കിളിർത്തു പടരുന്ന ദൈവത്തിൻ സ്വന്തം നാട് !

കുടിവെള്ളത്തിലെങ്ങും കൊതുകും കൂത്താടിയും
അണുക്കളും പെരുകും ദൈവത്തിൻ സ്വന്തം നാട് !

തെളിനീരൊഴുകിയ പുഴകളില്ലാതാക്കി
കുഴൽക്കിണർ ഉണ്ടാക്കും ദൈവത്തിൻ സ്വന്തം നാട് !

ആന്പലും താമരയും വിരിഞ്ഞ തടാകങ്ങൾ
ആഫ്രിക്കൻ പായൽ മൂടും ദൈവത്തിൻ സ്വന്തം നാട് !

കരുവീട്ടിയും തേക്കും പൂത്തുലഞ്ഞ കാടുകൾ
വെട്ടി വെടിപ്പാക്കിയ ദൈവത്തിൻ സ്വന്തം നാട് !

കാട്ടാന കൂട്ടം കൂടി കുതിച്ചു കൂത്താടിയ
കാനനങ്ങൾ പൊയ്പ്പോയ ദൈവത്തിൻ സ്വന്തം നാട് !

പകർച്ചവ്യാധികൾക്കു പരീക്ഷണശാലയായ്
പാശ്ചാത്ത്യർ കണ്ടെത്തിയ ദൈവത്തിൻ സ്വന്തം നാട് !

കുഞ്ചനും കുമാരനും കൊഞ്ചിച്ച കുമാരിയെ
ആംഗലം പീഡിപ്പിക്കും ദൈവത്തിൻ സ്വന്തം നാട്!

ദൈവത്തിൻ പേരും ചൊല്ലി മനുഷ്യർ നശിപ്പിച്ചു
ദൈവവുമുപേക്ഷിച്ച ദൈവത്തിൻ സ്വന്തം നാട് !


up
0
dowm

രചിച്ചത്:തോമസ്‌ മുട്ടത്തുകുന്നേൽ
തീയതി:11-01-2016 01:26:30 AM
Added by :Thomas Muttathukunnel
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me