ആളും - പേരും  - ഹാസ്യം

ആളും - പേരും  

(തുള്ളൽ മട്ട്)

കേരം വളരും കേരളനാട്ടിൽ
കേരത്തെക്കാൾ പേരുകളധികം.
ആളുകളവരുടെ പേരുകൾ കേട്ടി-
ട്ടാലോചിച്ചാൽ ആകെ വിചിത്രം!

'പങ്കജവല്ലി' പാവമവൾക്ക്
വണ്ണം കൊണ്ടു നടക്കാൻ വയ്യ.
കോട്ടാസാരിയുടുത്താൽപ്പോലും
സാരിത്തുന്പിനു നീളക്കുറവ്.

'ആശാലത'യെ കണ്ടിട്ടൊരുവനും
ആശിച്ചിട്ടില്ലിന്നേവരെയും
ആശ പൊലിഞ്ഞവൾ വീട്ടിൽത്തന്നെ
ആലോചനകൾ വന്നില്ലൊന്നും.

'ശാന്തമ്മ'യ്കൊരു കോപം വന്നാൽ
ഈറ്റപ്പുലിയും പന്പ കടക്കും.
മണ്ടി നടന്നവൾ കണ്ടതു മുഴുവൻ
തല്ലിയുടച്ചു തരിപ്പണമാക്കും.

'കമലാക്ഷീ'ടേം 'മീനാക്ഷീ'ടേം
കണ്ണുകൾ കണ്ടാൽ ഭയമായീടും
ഉണ്ടക്കണ്ണികളെന്നു വിളിക്കാൻ
മനസും പോര, മുഷിച്ചിലുമാകും.

'ചന്ദ്രിക'യുടെയാ മുഖഭാവത്തിൽ
പുഞ്ചിരിയൊരുതരി കാണാനില്ല.
ഗൌരവമിത്തിരി കൂടുതലത്രേ
ഗൌനിക്കാറില്ലവളേയാരും.

പേരിൽ 'പങ്കജ-അക്ഷൻ' പക്ഷെ
കോങ്കണ്ണവനുണ്ടൊരു നോട്ടത്തിൽ
കണ്ണട വെച്ചു നടക്കുന്നതിനാൽ
കൂടുതലാരും കാണുന്നില്ല.

'വിദ്യാധര'നൊട് ചോദിച്ചപ്പോൾ
മൂന്നാംക്ലാസ്സിൽ തോറ്റവനത്രേ.
പിന്നീടവനാ പള്ളിക്കൂടം
മുറ്റത്തൂടെപ്പോയിട്ടില്ല.

'പുഷ്പാന്ഗത'നാ ദേഹം മുഴുവൻ
ചൊറിവന്നിട്ടൊരു കുറവില്ലത്രേ.
കാലും, മേലും, വയറും, മുഖവും
പാടു പിടിച്ചു കറത്തും പോയി.

'മണികണ്ട്ട'ന്റെ സ്വരം കേട്ടാലോ
തകരത്തിന്മേൽ ചൊറിയും പോലെ
പാട്ടുകൾ പാടാൻ കൊതിയുണ്ടെന്നാൽ
ആയതിനൊരു പുനർജന്മം വേണം.

'സന്തോഷി'ന്റെമുഖം കണ്ടാലാ-
ക്കാണുന്നവനും സങ്കടമാകും
എന്തോ വന്നു ഭവിച്ചതു പോലൊരു
ചിന്താഭാരം, വദനം കദനം.

'സത്യനൊ'ടൊരു കാര്യം ചോദിച്ചാൽ
സത്യമവൻ പറയാറെയില്ല.
പിള്ളകളിച്ചും കള്ളുകുടിച്ചും
കള്ളം തന്നെ കാട്ടിക്കൂട്ടും.

'വ്വിജയൻ' നല്ലൊരു പേരെന്നാലും
തോൽവികൾ മാത്രം ജാതകമവന്
ഓരോക്ലാസ്സിലു മൊരുകൊല്ലം തോ-
റ്റെത്തിപ്പറ്റി പത്താം ക്ലാസ്സിൽ.

'ഗോപാലനെ'യൊരു പശുകുത്തീട്ടാ-
പ്പാവത്തിന്നെഴുനേൽക്കാൻ വയ്യ,
ഞവരക്കിഴിയിട്ടൊരുവിധമൊക്കെ
ക്കഷ്ടിച്ചങ്ങനെ കഴിയുന്നത്രെ.

'വിശ്വംഭരനു' കിടക്കാൻ നല്ലൊരു
വീടില്ലൊരു ചെറു മാടം മാത്രം.
വയറു നിറക്കാൻ വഴിയും കുറവ്,
വായ്പ്പ കൊടുക്കാനാളും കുറവ്.

സജിയും, സുജിയും,സനുവും, സുനുവും,
സനിലും, സുനിലും, കമലും, വിമലും
ആണോ പെണ്ണോന്നറിയണമെങ്കിൽ
നേരിട്ടവരെക്കണ്ടേ പറ്റൂ.

കരവഴിയായും കടൽവഴിയായും
പേരുകൾ പലതീനാട്ടിൽ വന്നൂ,
അവിരാ, മൊയ്തീൻ, മമ്മത്, തോമ്മാ
എന്നിവയവയിൽ ചിലതാണത്രെ.

പേരുകളവയിൻ പൊരുളീയടിയൻ
നിരുവിച്ചിട്ടൊരു പിടിയും കിട്ടാ-
പൊരുളറിയാത്തതുകൊണ്ടക്കാര്യം
അവരൊട്ടുരിയാടുന്നതുമില്ല.

അറുപതുവയസ്സിന്നപ്പുറമെത്തിയ
അനുമോനുണ്ട്, മിനിമോളുണ്ട്.
അവരെ പേരുവിളിക്കാനടിയനു
ബഹുമാനം കൊണ്ടാവുന്നില്ല.

തലകൊണ്ടിങ്ങനെ നിരുവിക്കുന്പോൾ
തലകീഴത്രേ പല പേരുകളും
പേരുകളിട്ടവരറിയുന്നുണ്ടോ
പേരിന്നുടമകളവരുടെയിഷ്ടം?

ആലോചിച്ചാലാളും പേരും
തമ്മിൽച്ചേരാതനവധിയുണ്ട്.
മുഴുവൻ ചൊല്ലാൻ നേരവുമില്ല,
ചൊല്ലീട്ടിനിയും ഫലമതുമില്ല.


up
0
dowm

രചിച്ചത്:തോമസ്‌ മുട്ടത്തുകുന്നേൽ
തീയതി:16-01-2016 03:20:29 AM
Added by :Thomas Muttathukunnel
വീക്ഷണം:444
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :