ചിതലരിക്കും നേരം ...
ഇലകൊഴിഞ്ഞ ഇരുമ്പമ്പുളി കൊമ്പിൽ നിന്ന്
നനഞ്ഞ കാക്കയുടെ
വിരുന്ന് വിളികൾ..
മുനിഞ്ഞ് കത്തുന്ന വിറകടുപ്പിൽ
ഊതി കരയുന്ന അമ്മ...
കരട് തടഞ്ഞതാണെന്നേ എന്നും പറയൂ...
കർക്കിടകം പെയ്തൊഴിഞ്ഞിട്ടും
വെള്ളം കോരി കുരക്കുന്ന അമ്മയുടെ
ഒട്ടിയ വയറിന്റെ കിതപ്പുകൾ
നോക്കിയിരിക്കും അച്ചനെറ കണ്ണുകൾ ..
കുത്തഴങ്ങ് പുഴുങ്ങിയ മൺകലത്തിൻ
ഗമയിൽ ചമ്മന്തിയുടെ എരിവ് ചേർത്ത
കുട്ടി കാലങ്ങൾ ...
ചുട്ടെരിച്ച ചമ്മന്തിയുടെ
കനലോർമ്മകളിൽ എരിഞ്ഞ് തീർന്ന
മഴസന്ധ്യകൾ ..
ഒരു പിരിഡിനു മുമ്പേ ഓടിയെത്തുന്ന
വർഷ കാല വിശപ്പുകൾ..
പാഴ് കിണറിൽ വെള്ളo നിറയുമ്പോൾ
തെളിയുന്ന അമ്മയുടെ കണ്ണിൻ കിണറുകൾ..
കറ്റകൾ നനഞ്ഞ ചാണകമുറ്റത്ത് ആവലാതികളുടെ നെഞ്ചത്തടികൾ ..
ഉളി മുനകൾ രാകി മിനുക്കി
ആറ് വയറുകൾക്കായ് നാട് തെണ്ടുന്ന
അച്ചന്റെ സ്വപ്നങ്ങളിൽ കമ്മ്യൂണിസത്തിന്റെ
ചോരക്കറ ...
പാതിരകളിലെ ചൂട്ടു വെളിച്ചത്തിൽ
ഇടവഴിയിൽ തെളിയുന്ന ഭൂതങ്ങൾക്ക്
ചുണ്ണാമ്പും കള്ളും നിവേദിച്ച്
മുറുക്കിചുവപ്പിക്കുന്ന അമ്മൂമ..
ഇടംകയ്യിൽ കനൽ ചട്ടിയും
വായിൽ തീ നാളവുമായ്
ചൊവ്വകളിലിറങ്ങുന്ന പാതിരാ പ്രേതങ്ങൾ ..
വഴി തെറ്റി കിഴക്കോട്ട് പോയ
നമ്പൂരിയുടെ മരിച്ച നിഴലുകൾ
മുള്ളുവേലിക്കരികിൽ....
റേഷൻ വാങ്ങി വരും വഴി
മരയഴി ജനലിനുള്ളിൽ തൂങ്ങി നിന്ന്
തുറു കണ്ണാൽ മാടി വിളിച്ച
കിഴക്കേലെ തട്ടാത്തി കുട്ടിയുടെ
ഓർമ്മകൾക്ക് ഇരുപതാണ്ട്. ...
കെട്ടഴിച്ച് ചിതയിൽ വെച്ച നാൾ
എഴുതി വെച്ച പ്രേമലേഖനം വിറകടുപ്പിൽ തിരുകി വിയർത്ത എട്ടാം ക്ളാസ്സുകാരന്റെ
സ്വപ്പനങ്ങൾക്കും ഇരുപതാണ്ട്.
ചമ്മന്തി പോരാഞ്ഞ്
പലകകൊണ്ട് അരിശമെറിഞ്ഞ ഏക പെങ്ങളുടെ നിലവിളിക്കും ഇരുപതാണ്ട് ..
കണക്കിൽ സംശയം ചോദിച്ച അയലത്തെ സുന്ദരിയോട്
തോന്നിയ പ്രേമത്തിനും കാമത്തിനും
ഏകദേശം ഇരുപതാണ്ട് ...
ചൂട്ടഴിയിൽ കൂടി ചുടുചുംബനമെറിഞ്ഞ
കരിമഷി വറ്റിയ തീ തിളക്കത്തിനും
ഇരുപതാണ്ട് ...
മുങ്ങി മരിച്ച ഉറ്റ തോഴന്റെ വിറങ്ങലിച്ച
കാൽമുട്ടിൽ നിന്നൊഴുകിയ
കറുത്ത ചോര കാഴ്ച്ചക്കും
ഇന്ന് ഇരുപതാണ്ട് ..
ഇന്നലെകളുടെ നെഞ്ചിൽ തീയെരിച്ചവരുടെ
രഹസ്യവും
ഇന്നിന്റെ ഒട്ടിയ വയറുമായ് പുതച്ചുറങ്ങുന്നവരുടെ രഹസ്യവും എന്റെ മാത്രം രഹസ്യം ....
ഓർമ്മകളിലൊരു രഹസ്യ
കനൽകട്ട കയറ്റി ഞാൻ
കത്തി തീരുന്ന സന്ധ്യയിലേക്ക് നടന്നടുക്കുന്നു ..
ഊടുവഴിയിൽ നിന്ന് ഇട വഴിയിലേക്ക് ...
ഇടവഴിയിൽ നിന്ന്
പെരുവഴിയിലേക്ക് ..
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കൊരു
അന്ധന്റെ യാത്ര..
ഇന്നലെകളിൽ നിന്ന്
ഇന്നിന്റെ പൊരുൾ തേടിയൊരു
വ്യർത്ഥയാത്ര ..
ഭാണ്ടം മുറുക്കി ഊന്നുവടിയുറപ്പിച്ച്
ചരൽ പാതയിൽ നിന്ന് ചരൽ പാതകളിലേക്ക് ഞാൻ നടന്നടുക്കുകയാണ്.
ചിതൽപ്പുറ്റുകളിൽ നിന്ന്
വിഷപാമ്പുകൾ ഇറങ്ങുംമുമ്പ്
ഞാനീ മണൽ പാടം കടക്കട്ടെ ...
,,,...,,,.,,,,,,.,,.,..,,,,,,,,,,,
Not connected : |